അഭിനന്ദന്‍ വര്‍ധമാന്‍റെ മീശ 'ദേശീയ മീശ'യാക്കണം, പുരസ്കാരം നൽകണം; കോൺഗ്രസ് നേതാവ്

ഇന്ത്യന്‍ വിംഗ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ധമാന്‍റെ മീശ 'ദേശീയ മീശ'യായി പ്രഖ്യാപിക്കണമെന്ന് ആവശ്യം. ലോക്സഭയിലെ കോണ്‍ഗ്രസ് കക്ഷിനേതാവ് അധിര്‍ രഞ്ജന്‍ ചൗധരിയാണ് ഇത്തരമൊരു ആവശ്യവുമായി മുന്നോട്ട് വന്നത്. അഭിനന്ദന്‍ വര്‍ധമാന് പുരസ്കാരം നല്‍കണമെന്നും അദ്ദേഹം ലോക്സഭയിൽ ആവശ്യപ്പെട്ടു. 

അഭിനന്ദനെപോലെ തന്നെ അദ്ദേഹത്തിന്‍റെ മീശയും രാജ്യമെങ്ങും തരംഗമായിരുന്നു. ശത്രുവിന്റെ പിടിയിലായിട്ടും അസാമാന്യ ധൈര്യത്തോടെ പതറാതെ നിന്ന് രാജ്യത്തിന്റെ അഭിമാനം ഉയർത്തിപ്പിടിച്ച അഭിനന്ദനോടുള്ള ആദര സൂചകമായി നിരവധിപ്പേരാണ് അതേ രൂപത്തിൽ മീശ വളർത്തിയത്.

ഇന്ത്യൻ വ്യോമാതിർത്തി ലംഘിച്ച പാക്ക് യുദ്ധവിമാനങ്ങളെ തുരത്തുന്നതിനിടെയാണ് അഭിനന്ദന്റെ വിമാനം ആക്രമിക്കപ്പെടുന്നതും അദ്ദേഹം പാക് സൈന്യത്തിന്‍റെ പിടിയിലാകുന്നതും. പുൽവാമ ആക്രമണത്തിന് മറുപടിയായി ഇന്ത്യ ബാലക്കോട്ട് നടത്തിയ വ്യോമാക്രമണത്തിലായിരുന്നു ഇത്. തുടർന്ന് സമ്മർദ്ദങ്ങൾക്ക് വഴങ്ങി പാകിസ്ഥാന്‍ അഭിനന്ദനെ മടക്കിയയക്കുകയായിരുന്നു.