അഭിനന്ദന്‍ വര്‍ധമാന് വീര്‍ചക്ര ബഹുമതി; സൈനിക പുരസ്കാരങ്ങൾ വിതരണം ചെയ്തു

പാക്കിസ്ഥാന്‍റെ യുദ്ധവിമാനം വെടിവെച്ചിട്ട ഗ്രൂപ്പ് ക്യാപ്റ്റന്‍ അഭിനന്ദന്‍ വര്‍ധമാന് വീര്‍ചക്ര ബഹുമതി രാഷ്ട്രപതി റാംനാഥ് കോവിന്ദ് സമ്മാനിച്ചു. വൈസ് അഡ്മിറല്‍ ശ്രീകുമാര്‍ നായരും റിയര്‍ അഡ്മിറല്‍ ഫിലിപ്പോസ് ജി പൈനുമൂട്ടിലും അതിവിശിഷ്ടസേവ മെഡല്‍ സ്വീകരിച്ചു. രാഷ്ട്രീയ റൈഫിള്‍സിലെ ജാദവിന് മരണാനന്തര ബഹുമതിയായി കീര്‍ത്തി ചക്ര നല്‍കി ആദരിച്ചു. 

രാഷ്ട്രപതിഭവനില്‍ നടന്ന ചടങ്ങില്‍ സൈനിക മെഡലുകള്‍ സമ്മാനിച്ചു. ബലാക്കോട്ട് വ്യോമാക്രമണത്തിന് പിന്നാലെ 2019 ഫെബ്രുവരി 27ന് നിയന്ത്രണരേഖ മറികടന്ന് ആക്രമിക്കാന്‍ എത്തിയ പാക്കിസ്ഥാന്‍ യുദ്ധവിമാനങ്ങളെ ഇന്ത്യ തുരത്തിയോടിച്ചു. അതിര്‍ത്തിലംഘിച്ച പാക്കിസ്ഥാന്‍റെ അമേരിക്കന്‍ നിര്‍മിത എഫ് 16 വിമാനം തകര്‍ത്ത അഭിനന്ദന്‍ വര്‍ധമാന് വീര്‍ചക്ര. പാക് സൈന്യത്തിന്‍റെ പിടിയിലായ അഭിനന്ദനെ ഇന്ത്യയുടെ സമ്മര്‍ദത്തെത്തുടര്‍ന്നാണ് വിട്ടയച്ചത്. (ഹോള്‍ഡ്) കശ്മീരില്‍ ഭീകരരുമായുള്ള ഏറ്റുമുട്ടലില്‍ വീരമൃത്യുവരിച്ച സാപ്പര്‍ പ്രകാശ് ജാദവിന് കീര്‍ത്തിചക്രയും മേജര്‍ വിഭൂതി ശങ്കര്‍ ദോണ്ഡ്യാലിന് ശൗര്യചക്രയും മരണാന്തര ബഹുമതിയായി. നായിബ് സുബേദാര്‍ സോംബിറിന് മരണാനന്തര ബഹുമതിയായി ശൗര്യചക്ര. ലഫ്റ്റനന്‍റ് ജനറല്‍ ഹര്‍പാല്‍ സിങ്ങും ലഫ്റ്റനന്‍റ് ജനറല്‍ രണ്‍ബീര്‍ സിങ്ങും അടക്കം 13 പേര്‍ക്ക് പരംവിശിഷ്ട സേവാമെഡല്‍ സമ്മാനിച്ചു. സിആര്‍പിഎഫ് ഡപ്യൂട്ടി കമാന്‍ഡന്‍റ് ഹര്‍ഷ്്പാല്‍ സിങ്ങിനും സമാധാനകാലത്തെ രണ്ടാം ഉയര്‍ന്ന ബഹുമതിയായ കീര്‍ത്തി ചക്ര നല്‍കി. പ്രധാനമന്ത്രി നരേന്ദ്ര മോദിയും പ്രതിരോധമന്ത്രി രാജ്നാഥ് സിങ്ങും പങ്കെടുത്തു.