മഴക്കെടുതി; ഉത്തരേന്ത്യയിൽ മരണസംഖ്യ 84; മഞ്ജുവും സംഘവും വെള്ളിയാഴ്ച നാട്ടിലേക്ക്

ഉത്തരേന്ത്യയില്‍ മഴക്കെടുതിയില്‍ മരിച്ചവരുടെയെണ്ണം എണ്‍പത്തിനാലായി. ഉത്തരാഖണ്ഡില്‍  ദുരിതബാധിതര്‍ക്ക് ഭക്ഷണവുമായി പോയ ഹെലികോപ്റ്റര്‍ തകര്‍ന്നുവീണ് മൂന്ന് പേര്‍ മരിച്ചു. ഹിമാചലില്‍ മഴക്കെടുതിയില്‍ കുടുങ്ങിയ നടി മഞ്ജു വാര്യരും സംഘവും സുരക്ഷിതമായി മണാലിയിലെത്തി.  

ഛത്രുവിലെ സിനിമാ ചിത്രീകരണം പൂര്‍ത്തിയാക്കി വൈകിട്ടോടെയാണ് മഞ്ജു വാരിയറും സംഘവും മണാലിയിലെത്തിയത്. രണ്ട് ദിവസത്തെ ചിത്രീകരണത്തിന് ശേഷം മണാലിയില്‍ നിന്നും നാട്ടിലേക്ക് മടങ്ങും. മഞ്ജുവും സംവിധായകന്‍ സനല്‍കുമാര്‍ ശശിധരനും അടങ്ങുന്ന സംഘത്തെ ഇന്നലെ കൊക്സറിലെ ബേസ്ക്യാമ്പിലെത്തിക്കാന്‍ തീരുമാനിച്ചെങ്കിലും ചിത്രീകരണം പൂര്‍ത്തിയാക്കാതെ മടങ്ങില്ലെന്ന് അറിയിച്ചതിനെ തുടര്‍ന്ന് ശ്രമം ഉപേക്ഷിക്കുകയായിരുന്നു. 

ഉത്തരാഖണ്ഡിലെ ഉത്തരകാശിയിലാണ് ഹെലികോപ്റ്റര്‍ തകര്‍ന്നുവീണത്. അപകടത്തില്‍ രണ്ട് പൈലറ്റുമാരും ഒരു നാട്ടുകാരനും മരിച്ചു. മൂവരുടെയും ബന്ധുക്കള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ പതിനഞ്ച് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. ഉത്തരകാശിയിലെ സനേല്‍ ഗ്രാമത്തില്‍ മേഘവിസ്ഫോടനത്തെ തുടര്‍ന്ന് കാണാതായ ഇരുപത് പേരില്‍ പതിനഞ്ചുപേരുടെ മൃതദേഹം കണ്ടെത്തി. മണ്ണിടിച്ചിലിനെ തുടര്‍ന്ന് തകര്‍ന്ന മണാലി–ലേ ദേശീയപാതയില്‍ ഗതാഗതം പുനസ്ഥാപിക്കാനുള്ള നടപടികള്‍ ആരംഭിച്ചു. അപായസൂചികയും മറികടന്ന് യമുനാനദി കരകവിഞ്ഞൊഴുകിയതിനെ തുടര്‍ന്ന് ഡല്‍ഹിയില്‍ ജാഗ്രതാനിര്‍ദേശം നിലനില്‍ക്കുകയാണ്.