കോവിഡ് ഭീതി മാറി; വര്‍ണങ്ങളില്‍ തിളങ്ങി ഉത്തരേന്ത്യ

ഹോളി വര്‍ണങ്ങളില്‍ തിളങ്ങി ഉത്തരേന്ത്യ. കോവിഡ് നിന്ത്രണങ്ങള്‍ നീക്കിയ ശേഷമുള്ള ആദ്യ ഹോളിയുടെ തിമര്‍പ്പിലാണ് ജനം.  ആഘോഷങ്ങളുടെ ഭാഗമായി ശക്തമായ സുരക്ഷയാണ്  എല്ലാ സംസ്ഥാനങ്ങളിലും ഒരുക്കിയിട്ടുള്ളത്. രാഷ്ട്രപതിയും പ്രധാനമന്ത്രിയുമടക്കമുള്ളവര്‍ ഹോളി ആശംസകള്‍ നേര്‍ന്നു.  

കോവിഡിനെ തുടര്‍ന്ന് രണ്ട് വര്‍ഷമായി മുടങ്ങിയ ആഘോഷത്തിന്റെ ക്ഷീണം ഉത്തരേന്ത്യക്കാര്‍ ഇത്തവണ മാറ്റി. നിറങ്ങള്‍ വാരി വിതറിയും മധുരം വിതരണം ചെയ്തും രാവിലെ തന്നെ ആഘോഷം തുടങ്ങി. ഡല്‍ഹി ഗൗരി ശങ്കര്‍ അടക്കമുള്ള ക്ഷേത്രങ്ങളില്‍ വലിയ തിരക്കനുഭവപ്പെട്ടു. കേന്ദ്രമന്ത്രിമാരായ രാജ്നാഥ് സിങ് മുഖ്തര്‍ അബ്ബാസ് നഖ്‌വി തുടങ്ങിയവരും ആഘോഷങ്ങളില്‍ പങ്കുചേര്‍ന്നു. രാജസ്ഥാന്‍ പഞ്ചാബ് അതിര്‍ത്തികളില്‍ ബിഎസ്എഫും ആഘോഷ പരിപാടികള്‍ ഒരുക്കിയിരുന്നു.