ഉത്തരേന്ത്യയില്‍ കനത്ത മഴ; മരണം 80 കടന്നു

ഉത്തരേന്ത്യയില്‍ കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും മരണം 80 കടന്നു. കനത്ത മഴയിലും മണ്ണിടിച്ചിലിലും ഉത്തരാഖണ്ഡില്‍ 48 പേരും ഹിമാചലില്‍ 28 പേരും മരിച്ചു. യമുനാനദിയില്‍ കരകവിഞ്ഞതോടെ ഡല്‍ഹിയില്‍ അതീവ ജാഗ്രതാനിര്‍ദേശം പുറപ്പെടുവിച്ചു. 

പ്രളയം ഏറ്റവും നാശം വിതച്ച ഉത്തരാഖണ്ഡിലും ഹിമാചലിലുമാണ് കൂടുതല്‍ മരണം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. കഴിഞ്ഞ ഇരുപത്തിനാലുമണിക്കൂറിനിടെ പത്ത് പേരാണ് ഉത്തരാഖണ്ഡില്‍ മരിച്ചത്. ഇതോടെ മരണസംഖ്യ 48 ആയി. 22 പേരെ കാണാനില്ല. ഹിമാചലില്‍ മഴക്കെടുതിയില്‍ മരിച്ചവരുടെ എണ്ണം ഇരുപത്തിയെട്ടായി. മരം വീണും മണ്ണിടിച്ചിലില്‍പ്പെട്ടുമാണ് മരണം. വിനോദസഞ്ചാരകേന്ദ്രമായ കുളുവില്‍ രണ്ട് മരണം റിപ്പോര്‍ട്ട് ചെയ്തു. മണാലി– ലേ ദേശീയപാത തകര്‍ന്നതിനെത്തുടര്‍ന്ന് കൊക്സറില്‍ കുടുങ്ങിയ മലയാളികള്‍ ഉള്‍പ്പെടെ വിനോദസഞ്ചാരികള്‍ സുരക്ഷിതരാണ്. പഞ്ചാബില്‍ കെട്ടിടം തകര്‍ന്നുവീണ് മൂന്ന് പേര്‍ മരിച്ചു. മണ്ണിടിച്ചലിനെ തുടര്‍ന്ന് ജമ്മു– ശ്രീനഗര്‍ ദേശീയപാതയിലെ ഗതാഗതം മൂന്ന് മണിക്കൂറോളം നിര്‍ത്തിവച്ചു. ജമ്മുവിലെ താവി നദിക്കരയില്‍ കുടുങ്ങിയ നാല് മല്‍സ്യതൊഴിലാളികളെ വ്യോമസേന രക്ഷിച്ചു. 

അടിയന്തര യോഗം വിളിച്ചുച്ചേര്‍ത്ത മുഖ്യമന്ത്രി അരവിന്ദ് കേജ്‍രിവാള്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ തുടങ്ങാന്‍ നിര്‍ദേശിച്ചു. യമുനാതീരത്തെ  25000 പേരെയാണ് സുരക്ഷിത സ്ഥാനത്തേക്ക് മാറ്റേണ്ടത്. ബംഗാള്‍ ഉള്‍ക്കടലിലെ ചെറുന്യൂനമര്‍ദമാണ് ശക്തമായ മഴയ്‍ക്ക് കാരണം. രണ്ടുദിവസം കൂടി ശക്തമായ മഴ പെയ്യുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം.