മുത്തലാഖ്, ആര്‍ട്ടിക്കിള്‍ 370; ഇനി ഏകീകൃത സിവില്‍ കോഡ്..?; ചര്‍ച്ച ചൂടാകുന്നു

പ്രകടനപത്രികയില്‍ പറഞ്ഞ പലതിനും ഉത്തരം നല്‍കുകയാണ് ഇപ്പോള്‍ കേന്ദ്രത്തില്‍ ബിജെപി സര്‍ക്കാര്‍. ആര്‍ട്ടിക്കിള്‍ 370, മുത്തലാഖ് തുടങ്ങിയ വിഷയങ്ങളില്‍ തീര്‍പ്പ് കല്‍പ്പിച്ചു സര്‍ക്കാര്‍. മുത്തലാഖ് നിയമ നിരോധനം പാസാക്കി ഒരാഴ്ചയ്ക്കകമാണ് കശ്മീരിന് പ്രത്യേക പദവി നല്‍കിയുള്ള ബില്ലും നടപ്പിലാക്കിയിരിക്കുന്നത്. ഇനിയെന്ത് എന്ന ചോദ്യത്തിന്റെ ഉത്തരം ഏകീകൃത സിവില്‍ കോഡ് എന്നാണെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുകയാണ്. ഒട്ടും എളുപ്പമല്ലാത്ത ഏറെ കടമ്പ കടക്കേണ്ടിവരുന്ന ഏകീകൃത സിവില്‍ കോഡും അസാധ്യമല്ലെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ പറയുന്നു. 

ഒരു രാജ്യം ഒരൊറ്റ നിയമം എന്ന സങ്കല്‍പ്പത്തിലേക്കുള്ള നടപടിക്രമങ്ങള്‍ ഉടന്‍ തുടങ്ങുമെന്ന സൂചനകളാണ് പല കോണുകളില്‍ നിന്നും ഉയരുന്നത്. വിവാദ അജന്‍ഡകളില്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ ആദ്യമായി ഏറ്റെടുത്ത വിഷയവും ഏകീകൃത സിവില്‍ കോഡ് തന്നെയാണ്. ഏകീകൃത സിവില്‍ കോഡ് നടപ്പാക്കുന്നതു സംബന്ധിച്ചു വിശദമായ റിപ്പോര്‍ട്ട് നല്‍കാന്‍ 2016-ല്‍ കേന്ദ്ര നിയമ മന്ത്രാലയം ലോ കമ്മിഷനോട് ആവശ്യപ്പെട്ടിരുന്നു. അന്ന് ഉത്തര്‍പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പു മുന്നില്‍ കണ്ട് ഏകീകൃത സിവില്‍ കോഡ് രാഷ്ട്രീയായുധമാക്കാനായിരുന്നു ബിജെപി നീക്കം. ഭരണഘടനയുടെ 44ാം വകുപ്പില്‍ നിര്‍ദേശക തത്വങ്ങളില്‍ ഉള്‍പ്പെടുന്നതാണ് ഏകീകൃത സിവില്‍ കോഡ്. ഭരണഘടനയെ മാനിക്കാത്തവരാണ് ഇതിനെ എതിര്‍ക്കുന്നതെന്നും ബിജെപി വ്യക്തമാക്കിയിരുന്നു.

രാജ്യത്തെ വ്യക്തിനിയമങ്ങള്‍ ലിംഗസമത്വവും മാന്യമായി ജീവിക്കാനുള്ള അവകാശവും ഉറപ്പാക്കുന്നതും ഭരണഘടനാ സാധുത ഉള്ളതും ആവണമെന്ന നിലപാടാണ് കേന്ദ്ര സര്‍ക്കാര്‍ സ്വീകരിച്ചിരുന്നത്. മുത്തലാഖ് വിഷയത്തില്‍ സര്‍ക്കാര്‍ സ്വീകരിച്ചതും ഈ നിലപാട് തന്നെയായിരുന്നു. പൊതു വ്യക്തിനിയമം നടപ്പാക്കാനുള്ള നടപടിക്രമങ്ങളും ചര്‍ച്ചകളും ഒന്നാം മോദി സര്‍ക്കാരില്‍ നിയമമന്ത്രിയായിരുന്ന സദാനന്ദ ഗൗഡ തുടങ്ങിവച്ചിരുന്നതാണ്. പൊതു വ്യക്തിനിയമം നടപ്പാക്കുക എന്നതു സര്‍ക്കാരിന്റെ കടമയാണെന്നു സദാനന്ദ ഗൗഡ രാജ്യസഭയില്‍ വ്യക്തമാക്കുകയും ചെയ്തിരുന്നു.  ഭരണ ഘടനയുടെ 25-ാം അനുച്ഛേദത്തിന് വിഘാതമാകാത്ത നിലയില്‍ നടപ്പാക്കുമെന്നാണു സര്‍ക്കാര്‍ അന്ന് അറിയിച്ചത്.   

അയോധ്യ പ്രശ്നമാണ് മറ്റൊരു കടമ്പ. അയോധ്യയിലെ ബാബ്‌റി മസ്ജിദ് തര്‍ക്കഭൂമി സംബന്ധിച്ച കേസില്‍ സുപ്രീംകോടതി നിര്‍ദ്ദേശിച്ച ദിവസേന വാദം കേള്‍ക്കല്‍ ഇന്ന് മുതല്‍ തുടങ്ങും. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷത വഹിക്കുന്ന അഞ്ചംഗബെഞ്ചാണ് വാദം കേള്‍ക്കുക.