കാര്യങ്ങൾ പ്രശാന്ത് കിഷോറിന് കൈമാറി കമൽഹാസൻ; 2021 ലക്ഷ്യമിട്ട് ഐപാക്ക് ചെന്നൈയിലേക്ക്

രാഷ്ട്രീയ പാര്‍ട്ടിയായ മക്കള്‍ നീതി മയ്യത്തെ സജീവമാക്കാന്‍ നടന്‍ കമല്‍ഹാസന്‍ തിരഞ്ഞെടുപ്പ് വിദഗ്ധന്‍ പ്രശാന്ത് കിഷോറുമായി കരാര്‍ ഒപ്പിട്ടു. 2021 ലെ നിയമസഭാ തിരഞ്ഞെടുപ്പിനായി പാര്‍ട്ടിയെ സജീവമാക്കാന്‍ പ്രശാന്ത് കിഷോറിന്റെ ടീമില്‍പെട്ട അറുപത് പേര്‍ ചെന്നൈ കേന്ദ്രീകരിച്ചു പ്രവര്‍ത്തനം തുടങ്ങിയെന്ന് കമല്‍ഹാസന്റെ രാഷ്ട്രീയ ഉപദേശകന്‍ കൃഷ്ണ  ഗിരി മനോരമ ന്യൂസിനോടു വെളിപെടുത്തി.

  കൊട്ടിഘോഷിച്ചു തുടങ്ങിയ മക്കള്‍ നീതി മയ്യത്തിനു കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പില്‍ പ്രതീക്ഷിച്ച മുന്നേറ്റം ഉണ്ടാക്കാന്‍ കഴിഞ്ഞിരുന്നില്ല.അഞ്ചുശതമാനം വോട്ടുനേടിയ കമല്‍ഹാസന്റെ പാര്‍ട്ടി നഗരങ്ങളില്‍ ഒതുങ്ങുകയും ചെയ്തു. ഇതോടെയാണ് പുതിയ പ്രചാരണ തന്ത്രങ്ങള്‍ ഒരുക്കാന്‍ ഉലകനായന്‍   തീരുമാനിച്ചത്.  പ്രധാനമന്ത്രി നരേന്ദ്രമോദി മുതല്‍ ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ജഗമോഹന്‍ റെഡിവരെയുള്ളവരെ അധികാരത്തിലേറ്റിയ  പ്രശാന്ത് കിഷോറിനെയും അദ്ദേഹത്തിന്റെ സംഘടനയായ ഐപാക്കിനെയുമാണ് പ്രചാരണം ഏല്‍പിച്ചിരിക്കുന്നത്.

ഗ്രാമീണ മേഖലകളിലെ സ്ത്രീകളെയും യുവാക്കളെയും കേന്ദ്രീകരിച്ചു പ്രശാന്ത് കിഷോര്‍ മിഷന്‍ 2021യെന്ന പേരില്‍  പദ്ധതി തയാറാക്കികഴിഞ്ഞു. അറുന്നൂറ് പേരുള്ള ടീമാണ് മക്കള്‍ നീതി മയ്യത്തിനായി ഐപാക്ക് ഒരുക്കുന്നത്

കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ 13 നിയമസഭാ മണ്ഡലങ്ങളില്‍ പാര്‍ട്ടി മൂന്നാം സ്ഥാനത്താണ്. കൂടാതെ ചെന്നൈ, കോയമ്പത്തൂര്‍ തുടങ്ങിയ നഗരമേഖലകളില്‍ ഒരുലക്ഷത്തിലേറെ വോട്ടുകള്‍ നേടാന്‍ കഴിഞ്ഞതും നല്ല സൂചനയായാണ് പ്രശാന്തും സംഘവും കാണുന്നത്