പ്രളയത്തിൽ വിറങ്ങലിച്ച് ഉത്തരേന്ത്യയും വടക്കുകിഴക്കൻ സംസ്ഥാനങ്ങളും

കനത്ത മഴയെ തുടര്‍ന്നുണ്ടായ പ്രളയത്തില്‍ വിറങ്ങലിച്ച് ഉത്തരേന്ത്യയും വടക്കുക്കിഴക്കന്‍ സംസ്ഥാനങ്ങളും. പ്രളയക്കെടുതിയില്‍ മരിച്ചവരുടെയെണ്ണം നൂറ്റിനാല്‍പ്പത്തിരണ്ടായി. ബിഹാര്‍, അസം, മേഘാലയ തുടങ്ങിയ സംസ്ഥാനങ്ങളിലാണ് പ്രളയം ഏറ്റവും കൂടുതല്‍ നാശം വിതച്ചത്.

നൂറ്റാണ്ടിലെ രണ്ടാമത്തെ വലിയ പ്രളയമാണ് അസം ജനത നേരിടുന്നത്. മുപ്പത്തിമൂന്നില്‍ മുപ്പത് ജില്ലകളെയും പ്രളയം വിഴുങ്ങി. മുപ്പത്തിയൊന്‍പത് പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു. അന്‍പത്തിനാല് ലക്ഷം ജനങ്ങളെ മാറ്റി പാര്‍പ്പിച്ചു. സംസ്ഥാന ദുരന്ത നിവാരണ സേനയുടെ കണക്കനുസരിച്ച് ബാര്‍പ്പേട്ട ജില്ലയെയാണ് പ്രളയം ഏറ്റവും കൂടുതല്‍ ബാധിച്ചത്. മിസോറാം, മേഘാലയ, ത്രിപുര തുടങ്ങിയ വടക്കുക്കിഴക്കന്‍ സംസ്ഥാനങ്ങളിലും പ്രളയക്കെടുതി തുടരുകയാണ്.

മേഘാലയയില്‍ 159 ഗ്രാമങ്ങള്‍ വെള്ളത്തിനടിയിലായി. മിസോറമില്‍ അയ്യായിരം പേരെ മാറ്റി പാര്‍പ്പിച്ചു. ബിഹാറില്‍ പ്രളയക്കെടുതിയില്‍ മരിച്ചവരുടെയെണ്ണം എഴുപത്തിയെട്ടായി. അയല്‍രാജ്യമായ നേപ്പാളില്‍ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും പെട്ട് 90 പേര്‍ മരിച്ചു. കാണാതായ 29 പേര്‍ക്കായുള്ള തിരച്ചില്‍ തുടരുകയാണ്.