വിധികൾ ഇനി പ്രാദേശിക ഭാഷകളിലും; വരും വർഷങ്ങളിൽ മലയാളവും ഉൾപ്പെടും

സുപ്രീംകോടതി വിധികള്‍ പ്രാദേശിക ഭാഷകളില്‍ പ്രസിദ്ധീകരിച്ചു തുടങ്ങി. ഇതിനായി സുപ്രീംകോടതിയുടെ ഒൗദ്യോഗിക വെബ്സൈറ്റില്‍ പ്രത്യേക ലിങ്ക് ഏര്‍പ്പെടുത്തി.  സുപ്രീംകോടതിയുടെ പുതിയ ബ്ലോക്കിന്‍റെ ഉദ്ഘാടന ചടങ്ങില്‍ ജസ്റ്റിസ് എസ്.എ ബോബ്ഡെ ഇതിന് തുടക്കമിട്ടു.

പ്രാദേശിക ഭാഷകളില്‍ സുപ്രീംകോടതി വിധികള്‍ പ്രസിദ്ധീകരിക്കണമെന്ന നിര്‍ദ്ദേശം 2017ല്‍ കൊച്ചിയില്‍ നടന്ന ചടങ്ങില്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് മുന്നോട്ട് വെച്ചിരുന്നു. രഞ്ജന്‍ ഗൊഗോയി ചീഫ് ജസ്റ്റിസായി ചുമതലയേറ്റ ശേഷം നിര്‍ദ്ദേശം നടപ്പിലാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. ഒടുവില്‍ രാഷ്ട്രപതിയെ തന്നെ സാക്ഷിയാക്കി ചരിത്രപരമായ ആ തീരുമാനം സുപ്രീംകോടതി നടപ്പിലാക്കി. പുതിയ ബ്ലോക്കിന്‍റെ ഉദ്ഘാടനം ചടങ്ങില്‍ സുപ്രീംകോടതിയിലെ രണ്ടാമനായ ജസ്റ്റിസ് എസ്.എ ബോബ്ഡെ പ്രാദേശിക ഭാഷ വിധികള്‍ പ്രസിദ്ധീകരിക്കുന്നതിന് തുടക്കം കുറിച്ചു. 

തൊട്ട് പിന്നാലെ സുപ്രീംകോടതി വെബ്സൈറ്റില്‍ ഹിന്ദി, കന്നഡ, തെലുഗു, മറാട്ടി, ഒഡിയ ഭാഷകളില്‍ വിധികള്‍ പ്രസിദ്ധീകരിച്ചു. ഇതോടെ വിവിധ ഭാഷകളില്‍ വിധികള്‍ ലഭ്യമാക്കുന്ന ലോകത്തെ ആദ്യത്തെ ഉന്നത നീതി പീഠമായി സുപ്രീംകോടതി മാറി.  വരും വര്‍ഷങ്ങളില്‍ മലയാളം ഉള്‍പ്പെടേയുള്ള പ്രാദേശിക ഭാഷകളില്‍ കൂടി വിധികള്‍ പുറത്തുവരും.