പാളത്തിൽ നിന്ന പശുവിനെ ട്രെയിൻ തട്ടി; ലോക്കോ പൈലറ്റിനെ മർദിച്ച് ഗോരക്ഷാ സംഘം

1. പ്രതീകാത്മ ചിത്രം 2. ബിബിൻ സിങ് രജ്പുത് (ഗോ രക്ഷാ പ്രവർത്തകൻ) 3. ജി എ ജാല (ലോക്കോ പൈലറ്റ്)

റെയിൽ പാളത്തിൽ നിന്ന പശുവിനെ ട്രെയിൻ തട്ടിയെന്നാരോപിച്ച് ലോക്കോ പൈലറ്റിന് ഗോ രക്ഷാ പ്രവർത്തകരുടെ മർദനം. അഹമ്മദാബാദിലെ സിധ്പൂർ ജംഗ്ഷനിലാണ് സംഭവം. 

പാളത്തിൽ നിന്ന പശുവിനെ ട്രെയിൻ തട്ടിയതോടെയാണ് സംഭവങ്ങളുടെ തുടക്കം. തൊട്ടടുത്ത സ്റ്റേഷനിൽ ട്രെയിൻ നിർത്തി, പശുവിന്റെ ജഡം എന്‍ജിനിൽ നിന്ന് മാറ്റാൻ അധികൃതരോട് പറയാൻ ലോക്കോപൈലറ്റ് ജി എ ജാല പുറത്തേക്കിറങ്ങി. പിന്നാലെ പശുവിനെ കൊന്നത് ജാലയാണെന്ന് ആരോപിച്ച് ട്രെയിനിൽ നിന്നൊരാൾ പുറത്തേക്കിറങ്ങി. തൊട്ടുപിന്നാലെ 150ഓളം ഗോരക്ഷാ പ്രവർത്തകർ സ്ഥലത്ത് സംഘടിച്ചെത്തി. 

സംഭവത്തെക്കുറിച്ച് റെയിൽവെ പൊലീസ് പറയുന്നതിങ്ങനെ: ''എൻജിനിൽ കുടുങ്ങിക്കിടന്ന പശുവിന്റെ ജഡം ‌അറുത്ത് നീക്കം ചെയ്യവെ ചിലരെത്തി ചോദ്യം ചെയ്തു. പശുവിനെ എന്തിനാണ് അറുക്കുന്നത് എന്ന ചോദിച്ച് ജീവനക്കാരെ തടഞ്ഞു. ചത്ത പശുവിന്റെ ജഡം നീക്കം ചെയ്യുക മാത്രമാണ് ചെയ്തതെന്ന് പറഞ്ഞതോടെ സംഘം രോഷാകുലരായി. പശുവിനെ എങ്ങനെ കൊല്ലാൻ‌ തോന്നി എന്നായി ആക്രോശം. തുടർന്നവർ ലോക്കോ പൈലറ്റിനെ മർദിച്ചു. 

സംഭവത്തിൽ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു.