കാര്യങ്ങൾ കരുതലോടെ നീക്കണമെന്ന് ദേശീയ നേതൃത്വം; കർണാടക പിടിക്കാൻ ബിജെപി

കര്‍ണാടകയിലെ രാഷ്ട്രീയ പ്രതിസന്ധിയില്‍ കരുതലോടെ നീങ്ങാന്‍ ബി.ജെ.പി ദേശീയനേതൃത്വത്തിന്റെ നിര്‍ദേശം. കോണ്‍ഗ്രസ്–ജെ.ഡി.എസ് വിമത എം.എല്‍.എമാരെ സംരക്ഷിക്കുമ്പോഴും,, പ്രതിസന്ധിയില്‍ പങ്കില്ലെന്ന തുറന്ന നിലപാടാണ് നേതൃത്വത്തിന്. ഇത്തവണ എങ്ങനെയും ഭരണം പിടിക്കുകയാണ് ബി.ജെ.പിയുടെ ലക്ഷ്യം. 

 മുന്‍പ് പയറ്റി തെളിഞ്ഞ അടവുകള്‍ കര്‍ണാടകയില്‍ ഇറക്കേണ്ടെന്നാണ് ബി.ജെ.പി ദേശീയ നേതൃത്വത്തിന്റെ തീരുമാനം. വന്‍ ഭൂരിപക്ഷത്തില്‍ അധികാരമേറ്റതിന് പിന്നാലെ കുതിരക്കച്ചവടം നടത്തിയും ചാക്കിട്ടുപിടിച്ചും അധികാരം പിടിക്കുന്നുവെന്ന പ്രതീതി സൃഷ്ടിക്കുന്നതിനോട് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് യോജിപ്പില്ല. പകരം കോണ്‍ഗ്രസിലെയും ജെ.ഡി.എസിലെയും എം.എല്‍.എമാരെ രാജിവയ്‍പിച്ച് ചുവടുകള്‍ പിഴയ്‍ക്കാതെ തന്ത്രപരമായി നീങ്ങാനാണ്  നേതൃത്വത്തിന്റെ നിര്‍ദേശം. കര്‍ണാടകയിലെ പ്രതിസന്ധിയില്‍ ബി.ജെ.പിക്ക് പങ്കില്ലെന്ന് ആവര്‍ത്തിക്കുകയാണ് നേതാക്കള്‍. കുമാരസ്വാമിയും സിദ്ധരാമയ്യയും തമ്മിലുള്ള അധികാര വടംവലിയാണ് നിലവിലെ പ്രശ്നങ്ങള്‍ക്ക് കാരണമെന്നും ബി.ജെ.പി പറയുന്നു.

പ്രശ്നത്തില്‍ പങ്കില്ലെന്ന് പറയുമ്പോഴും രാജിസമര്‍പ്പിച്ച എം.എല്‍.എമാരുടെ മനസ് മാറാതിരിക്കാനുള്ള നീക്കങ്ങളുമായി ബി.ജെ.പി സജീവമാണ്. മുംബൈയിലുള്ള നേതാക്കളുമായി സമ്പര്‍ക്കം പുലര്‍ത്താന്‍ കേന്ദ്രമന്ത്രി പിയൂഷ് ഗോയല്‍ തന്നെ പാര്‍ട്ടി നിയോഗിച്ചിട്ടുണ്ട്.