നിങ്ങളുടെ ആരാധിക; പക്ഷേ ബജറ്റ് നിരാശ; നിർമല സീതാരാമനെതിരെ രഞ്ജിനി

രണ്ടാം മോദി സർക്കാരിന്റെ ആദ്യ ബജറ്റിന് നടി രഞ്ജിനിയുടെ വിമര്‍ശനം. ധനമന്ത്രി നിർമല സീതാരാമന്റെ കടുത്ത് ആരാധിക ആണ് താനെന്നും എന്നാൽ ബജറ്റ് നിരാശയാണ് നൽകിയതെന്നും താരം ഫേസ്ബുക്ക് കുറിപ്പിൽ പറയുന്നു. ആദ്യ ബജറ്റിൽ തന്നെ രാജ്യം നേരിടുന്ന സുപ്രധാന പ്രശ്നങ്ങൾ അവതരിപ്പിച്ചില്ലെന്നും നടി കുറ്റപ്പെടുത്തി. 

രഞ്ജിനിയുടെ ഫേസ്ബുക്ക് കുറിപ്പ്:

''നിര്‍മ്മലാ സീതാരാമന്റെ കടുത്ത ആരാധികയാണ് ഞാന്‍. പക്ഷേ താങ്കളുടെ ആദ്യ ബജറ്റ് എന്നെ നിരാശപ്പെടുത്തി. രാജ്യത്തെ വിദ്യാഭ്യാസ, തൊഴില്‍ മേഖലയെ  പരിഗണിക്കുന്നതിൽ ബജറ്റ് പരാജയമായിരുന്നു.‌ ഒരു വിദ്യാഭ്യാസ വിദഗ്ധ എന്ന നിലയില്‍, ഇന്ത്യന്‍ വിദ്യാഭ്യാസ സമ്പ്രദായത്തെ ഇഷ്ടപ്പെടുന്ന ഞാന്‍, സ്റ്റഡി ഇന്‍ ഇന്ത്യ എന്ന പദ്ധതിയെ സ്വാഗതം ചെയ്യുന്നുണ്ട്. അതിനായി 2011 മുതല്‍ ഞാന്‍ പ്രചരണം നല്‍കി കൊണ്ടിരിക്കുകയാണ്. എന്നാൽ ആരും കേട്ടില്ല, ബധിരരുടെ ചെവിയിലാണ് അത് പതിച്ചത്. 

പഠനം പാതിവഴിയില്‍ ഉപേക്ഷിക്കുന്നവരുടെവിവരങ്ങള്‍ സംബന്ധിച്ച് ധനകാര്യ മന്ത്രാലയം പുറത്ത് വിട്ട കണക്കുകള്‍ എന്നെ ആകുലപ്പെടുത്തുന്നു. വ്യവസായ വൈദഗ്ദ്ധ്യ പരിശീലനം നേടിയ ഒരു കോടി യുവാക്കളെ തൊഴില്‍ വൈദഗ്ധ്യമുള്ളവരാക്കി മാറ്റി അധ്വാനശേഷിയുടെ വലിയൊരു നിധി സര്‍ക്കാര്‍ ഉണ്ടാക്കുെമന്ന് പറയുന്നു. വിദേശത്ത് തൊഴില്‍ നേടുന്നതിനായി ഭാഷാ പരിശീലനം, ഇന്റര്‍നെറ്റ് നിപുണത, റോബോട്ടിക്‌സ്, നിര്‍മ്മിത ബുദ്ധി തുടങ്ങിയ മേഖലകള്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കും. മാഡം, നമുക്കാവശ്യമുള്ള തൊഴിലുകള്‍ എവിടെ?''