മുൻ മിസ് ഇന്ത്യക്ക് നടുറോഡില്‍ ക്രൂര ആക്രമണം; ആക്രോശം; വിഡിയോ പുറത്തുവിട്ട് താരം

മുൻ മിസ് ഇന്ത്യ ഉഷോഷി സെൻഗുപ്തയ്ക്ക് നേരെ നടുറോഡിൽ ആക്രമണം. കാറിൽ നിന്നും ഇവരെ വലിച്ചിറക്കി കയ്യേറ്റം ചെയ്യാനും ബാഗ് തട്ടിപ്പറിക്കാനും ശ്രമിച്ചു. ഉഷോഷി തന്നെയാണ് തനിക്ക് നേരിട്ട ക്രൂരമായ അനുഭവം ഫെയ്സ്ബുക്കിലൂടെ പങ്കുവെച്ചത്. കൊല്‍ക്കത്തയിലാണ് സംഭവം. 

ജോലി കഴിഞ്ഞ ശേഷം തിരികെ വീട്ടിലേക്ക് ഊബറിൽ സഞ്ചരിക്കുകയായിരുന്നു ഉഷോഷി. ഏകദേശം 12 മണിയോടെയാണ് സംഭവം. യാത്രയ്ക്കിടയിൽ മുന്നിൽപോയ ബൈക്കിനെ ചെറുതായി തട്ടിയതിനെ തുടർന്ന് കാർ നിര്‍ത്തി. ബൈക്കിലെ യുവാക്കളുടെ പ്രതികരണം ഭയപ്പെടുത്തുന്നതായിരുന്നു. അവർ കാറിൽ ആഞ്ഞടിക്കാനും ഉച്ചത്തിൽ ദേഷ്യപ്പെടാനും തുടങ്ങി. ഊബറിന്റെ ഡ്രൈവറെ കാറിൽ നിന്നും വലിച്ചിറക്കി തല്ലാൻ തുടങ്ങി. ഏകദേശം 15 പുരുഷന്മാരും ഇവർക്കൊപ്പം കൂടി. 

ഈ സംഭവങ്ങൾ ഭീതിജനകമായിരുന്നു. ഭയന്നുവിറച്ച ഉഷോഷി കാറിൽ നിന്ന് ഇറങ്ങിയോടി. മൈദാൻ പൊലീസ് സ്റ്റേഷനടുത്തുള്ള തെരുവിൽ ഒരു പൊലീസ് ഉദ്യോഗസ്ഥൻ നിൽക്കുന്നത് കണ്ടു.  അദ്ദേഹത്തോട് സംഭവത്തെക്കുറിച്ച് വിവരിച്ചപ്പോൾ ഇത് തന്റെ സ്റ്റേഷൻ പരിധിയിലുള്ളതല്ലെന്ന് പറഞ്ഞു. ഒടുവിൽ പൊലീസുകാരന്റെ കാലിൽവീണ് യാചിച്ചപ്പോഴാണ് കാറിന്റെയടുത്തേക്ക് വരാൻ കൂട്ടാക്കിയത്. അദ്ദേഹം അപ്പോഴെങ്കിലും വന്നിലായിരുന്നെങ്കിൽ ആ യുവാക്കൾ ഡ്രൈവറെ കൊല്ലുമായിരുന്നുവെന്ന് ഉഷോഷി കുറിച്ചു. 

പൊലീസുകാരൻ അവരോട് സ്ഥലം വിടാൻ പറഞ്ഞതുകേട്ട് അവർ അവിടെ നിന്നും പോയി. എന്നാൽ കുറച്ചുകഴിഞ്ഞപ്പോൾ വീണ്ടും കാറിനെ പിന്തുടർന്നു. സഹപ്രവർത്തകനെ വീട്ടിൽ ഇറക്കുന്നിടം വരെ ഇവർ പിന്നാലെ വന്നു. കാർ നിര്‍ത്തിയപ്പോൾ  കയ്യേറ്റം ചെയ്യാനും ബാഗ് തട്ടിപറിക്കാനും ശ്രമിച്ചു. കാറിന്റെ ചില്ലുകളും എറിഞ്ഞുടച്ചു. മൂന്നു ബൈക്കിലായി ആറു ചെറുപ്പക്കാരാണ് എത്തിയത്. ഇവർ കാര്‍ തല്ലിപൊളിക്കുന്നതും ആക്രോശിക്കുന്നതിന്റെയും വിഡിയോ ഉഷോഷി പങ്കുവെച്ചു. പോസ്റ്റ് വൈറലായതിനെത്തുടർന്ന് കൊല്‍ക്കത്ത പൊലീസ് വേണ്ട നടപടികൾ സ്വീകരിക്കാമെന്ന് വാക്കുനൽകി.