ആക്രമിച്ചെന്ന് ബിജെപി എംഎല്‍എ; സ്വയം തലയടിച്ചു പൊളിക്കുന്ന വി‍ഡിയോ പുറത്ത് വിട്ട് പൊലീസ്

ഹൈദരാബാദ് പൊലീസ് ആക്രമിച്ചെന്നും തലയ്ക്ക് പരിക്കേറ്റെന്നും ആരോപിച്ച ബിജെപി എംഎൽഎയ്ക്ക് മറുപടിയുമായി പൊലീസ്. എംഎൽഎ കല്ലുകൊണ്ട് സ്വയം തലയ്ക്കടിക്കുന്ന വി‍‍ഡിയോയാണ് പൊലീസ് പുറത്തുവിട്ടിരിക്കുന്നത്. ജുമെറത് ബസാറിൽ ഇന്നലെ രാത്രിയോടെയാണ് സംഭവം നടക്കുന്നത്. ബിജെപി എംഎൽഎയായ രാജ സിങാണ് ഇപ്പോൾ വെട്ടിലായിരിക്കുന്നത്. 

എംഎൽഎ സ്വാതന്ത്ര്യ സമര സേനാനിയായിരുന്ന റാണി അവന്തി ബായി ലോധിന്റെ പ്രതിമ ഉയർത്താൻ ശ്രമിച്ചതോടെയാണ് പ്രശ്നങ്ങൾക്ക് തുടക്കം. പ്രതിമ ഉയർത്തുന്നതിൽ നിന്നും രാജാ സിങ്ങിനെ നഗരസഭ വിലക്കിയിരുന്നു. പൊലിസ് അതിനാൽ തന്നെ രാജാ സിങ്ങിനെ തടഞ്ഞു. ഇതോടെ പാർട്ടി പ്രവർത്തകരും പൊലീസും തമ്മിൽ ഏറ്റുമുട്ടി. നിയമം പാലിക്കാനാണ് എംഎൽഎയെ തടഞ്ഞതെന്ന് പൊലീസ് വ്യക്തമാക്കി.

ഇതിനിടെയാണ് വലിയ കല്ലെടുത്ത് തന്റെ തലയ്ക്ക് രാജാ സിങ് തന്നെ ഇടിച്ചത്. പൊലീസ് ഇതിൽ നിന്നും എംഎൽഎയെ തടയുന്നുണ്ട്. പ്രവർത്തകരിലൊരാൾ രക്തം വാർന്നൊഴുകുന്ന തലയിൽ തൊടുന്നതും കാണാം. ഈ വിഡിയോ പൊലീസ് പുറത്തുവിട്ടു.ലാത്തി ചാര്‍ജിന്‍റെ എല്ലാ വീഡിയോകളും പൊലീസ് പുറത്തുവിടണമെന്നും പൊലീസ്  തന്നെയാണ് ലക്ഷ്യം വയ്ക്കുന്നതെന്നും രാജാ സിങ് ട്വീറ്റ് ചെയ്തു. എംഎല്‍എയും അണികളും പൊലീസിന് നേര്‍ക്ക് കല്ലെറിഞ്ഞത് കൊണ്ടാണ് ലാത്തി വീശേണ്ടി വന്നതെന്നാണ് പൊലീസിന്‍റെ വിശദീകരണം.