കാണാതായ മജീഷ്യന്റെ മൃതദേഹം ലഭിച്ചു; മരണത്തിലേക്ക് ചാടും മുൻപ് പറഞ്ഞ വാക്കുകൾ; കണ്ണീർ

മാജിക് ഷോയ്ക്കിടെ അപകടത്തിൽപ്പെട്ട മജീഷ്യന്റെ മൃതദേഹം കണ്ടെത്തി. മാൻഡ്രേക്ക് എന്നറിയപ്പെടുന്ന ചഞ്ചൽ ലാഹിരിയാണ് വെള്ളത്തിനടിയില്‍ ലൈവ് സ്റ്റണ്ട് പെര്‍ഫോമന്‍സ് നടത്തുന്നതിനിടെ മുങ്ങി മരിച്ചത്. ഞായറാഴ്ച ഉച്ചയോടെ ഹൗറ പാലത്തിന്റെ 28ാം നമ്പര്‍ പില്ലറിന് സമീപം ബന്ധനസ്ഥനായി ചഞ്ചല്‍ നദിയിലേക്കു ചാടുകയായിരുന്നു. എന്നാൽ പിന്നീട് ഇദ്ദേഹത്തെ കാണാതായി. പൊലീസും ദുരന്തനിവാരണ സേനയും ലാഹിരിക്കായി തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ഇന്നലെ വൈകി അപകടം നടന്ന  സ്ഥലത്തു നിന്നു ഒരു കിലോമീറ്റർ മാത്രം അകലെ നിന്നാണ് ലാഹിരിയുടെ മൃതദേഹം ലഭിച്ചത്.

വിഖ്യാത മജീഷ്യന്‍ ഹാരി ഹൗഡിനി 100 വർഷം മുമ്പ് പ്രസിദ്ധമാക്കിയ ‘കാണാതാകൽ’ മാജിക് അനുകരിക്കവെയാണു ചഞ്ചൽ അപകടത്തിൽപ്പെട്ടത്. നദിക്കടിയിൽനിന്നും കെട്ടുകളഴിച്ചു രക്ഷപ്പെട്ടു കരയിലേക്കു നീന്തി വരുമെന്നാണു ചഞ്ചൽ പറഞ്ഞിരുന്നത്. 21 വർഷം മുൻപും താൻ വിജയകരമായി ഇൗ മാജിക് ചെയ്തിട്ടുണ്ടെന്ന് ഇദ്ദേഹം അവകാശപ്പെട്ടിരുന്നു. അന്ന് 29 സെക്കന്റ് മാത്രമാണ് പുറത്തു വരാൻ തനിക്ക് ആവശ്യമായി വന്നത്. എന്നാൽ ഇത്തവണ അത്ര എളുപ്പമായിരിക്കില്ലെന്നും  കെട്ടഴിച്ചു പുറത്തുവന്നാൽ അത് മാജിക്കാണ് അല്ലെങ്കിൽ ദുരന്തമായിരിക്കുമെന്നായിരുന്നു പ്രകടനത്തിനു തൊട്ടുമുൻപ് അദ്ദേഹം പറഞ്ഞിരുന്നു.

മതിയായ സുരക്ഷാക്രമീകരണങ്ങള്‍ ഉണ്ടായിരുന്നില്ലെന്നാണ് പൊലീസ് ഇപ്പോൾ വ്യക്തനാക്കുന്നത്. വെള്ളത്തിന് അടിയിൽ വച്ച് കെട്ടുകൾ അഴിക്കാനാവാതിരുന്നതാണ് ചഞ്ചല്‍ ലാഹിരിയുടെ മരണത്തിനു കാരണമായതെന്നാണ് വിലയിരുത്തൽ. മൃതദേഹം കണ്ടെത്തുമ്പോഴും കൈകാലുകൾ കൂട്ടിക്കെട്ടിയ നിലയിലായിരുന്നു. സോനാർപുർ സ്വദേശിയായ ചഞ്ചൽ, ലോകമെമ്പാടും 2500ലേറെ മാജിക് ഷോ നടത്തിയിട്ടുണ്ടെന്നാണ് അവകാശപ്പെട്ടിരുന്നത്.