ബാരിക്കേഡ് തകർത്തെത്തി; ബൈക്ക് യാത്രക്കാരെ ഇടിച്ചുതെറിപ്പിച്ച് കാർ; വിഡിയോ

ജനങ്ങളുടെ സുരക്ഷ മുൻനിർത്തിയാണ് റോഡിൽ ബാരിക്കേഡുകള്‍ സ്ഥാപിക്കുന്നത്. ബാരിക്കേഡുകൾ പോലും തകർത്ത് ബൈക്ക് യാത്രക്കാരെ ഇടിച്ചുതെറിപ്പിക്കുന്ന കാർ യാത്രികൻറെ വിഡിയോ നവമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. രണ്ടു സ്കൂട്ടറുകളിൽ സഞ്ചരിച്ചുകൊണ്ടിരുന്ന മൂന്നു പേരെയാണ് കാർ ഇടിച്ചുവീഴ്ത്തിയത്. 

ചെന്നൈയിലെ മാപ്പേഡു അഗരം മെയിന്‍ റോഡിലാണ് സംഭവം. ബാരിക്കേ‍ഡ് തകര്‍ത്ത കാർ നിയന്ത്രണം വിട്ട് രണ്ട് ബൈക്കുകളെ ഇടിച്ചിടുകയായിരുന്നു. അപകടത്തിൽ ബൈക്ക് യാത്രികർക്ക് ഗുരുതരമായി പരിക്കേറ്റു. അപകടശേഷവും കാർ നിർത്താതെ ഓടിച്ചുപോയി. 

വാഹനം ഓടിച്ചത് പ്രായപൂര്‍ത്തിയാകാത്ത കുട്ടിയാണെന്നാണ് പ്രാഥമിക നിഗമനമെന്നും കേസെടുത്ത് അന്വേഷണം ആരംഭിച്ചെന്നും പൊലീസ് അറിയിച്ചു.