'താമരക്ക് കുത്തൂ’; വീട്ടമ്മമാരോട് ബൂത്തില്‍ പോളിങ് ഏജന്റ്; വിഡിയോ പുറത്ത്, അറസ്റ്റ്

വോട്ട് ചെയ്യാനെത്തിയ സ്ത്രീകളെ പോളിങ് ഏജന്റ് സ്വാധീനിക്കാൻ ശ്രമിച്ചതായി വീട്ടമ്മയുടെ വെളിപ്പെടുത്തലില്‍ അറസ്റ്റും റീ പോളിങ്ങും. ഫരീദാബാദിലെ പോളിംഗ്‌ ബൂത്തില്‍ നിന്നുള്ള വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് പോളിംഗ്‌ ഏജന്റിനെ പൊലീസ്‌ അറസ്റ്റ്‌ ചെയ്‌തത്. വോട്ടിംഗ്‌ മെഷീന്‌ സമീപത്തെത്തി താമരയ്‌ക്ക്‌ കുത്താൻ അയാള്‍ പറഞ്ഞതായാണ് വീട്ടമ്മയുടെ വെളിപ്പെടുത്തല്‍.

ഫരീദാബാദിലെ പോളിങ് സ്റ്റേഷനിൽ വോട്ട് ചെയ്യാനെത്തിയ ശോഭയാണ് ഈ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ നടത്തിയത്. ബിജെപിക്ക് വേണ്ടി വോട്ട് ചെയ്യാന്‍ പോളിങ് ഏജന്റ് പറയുന്നത് വിഡിയോയിൽ വ്യക്തമാണ്. ബിജെപി സ്ഥാനാർത്ഥിയുടെ പേരിനു നേരെയുള്ള താമര ചിഹ്നത്തിൽ കുത്താൻ അയാൾ നിർബന്ധിച്ചു, എന്നാൽ വോട്ട് ആർക്ക് ചെയ്യണമെന്ന് എന്റെ തീരുമാനമാണെന്ന് അയാളോട് പറഞ്ഞതായും ശോഭ വെളിപ്പെടുത്തി.



സംഭവവുമായി ബന്ധപ്പെട്ട് ഫരീദാബാദിലെ അസവോതി സ്വദേശിയായ ഗിരിരാജ്‌ സിംഗിനെയാണ്‌ പൊലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തത്. എന്നാൽ നിരക്ഷരരായ സ്‌ത്രീകളെ വോട്ട്‌ ചെയ്യാന്‍ സഹായിക്കുകയായിരുന്നു താന്‍ എന്നാണ്‌ ഗിരിരാജ്‌ സിംഗിന്റെ ന്യായീകരണം. വോട്ടിംഗ്‌ ക്രമക്കേട്‌ കണ്ടെത്തിയതിനെത്തുടര്‍ന്ന്‌ ആ ബൂത്തില്‍ റീപോളിംഗ്‌ നടത്താനും തെരഞ്ഞെടുപ്പ്‌ കമ്മീഷന്‍ തീരുമാനിച്ചു.