അര്‍ബുദം ബാധിച്ച കുഞ്ഞിനെ എയിംസില്‍ എത്തിക്കാന്‍ വിമാനം നല്‍കി പ്രിയങ്ക: കരുതലിന്‍റെ കരം

രണ്ടര വയസുകാരിയെ കൃത്യസമയത്ത് ആശുപത്രിയിലെത്തിക്കാൻ സ്വകാര്യവിമാനം ഏർപ്പാടാക്കി കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്കാ ഗാന്ധി. ഉത്തർപ്രദേശിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയപ്പോഴാണ് അർബുദം ബാധിച്ച് ഗുരുതരമായ അവസ്ഥയിലുള്ള കുഞ്ഞിനെ പറ്റി പ്രിയങ്ക അറിയുന്നത്. കുട്ടിയെ ഉടൻ ഡൽഹി എയിംസ് എത്തിക്കണമെന്ന് ഡോക്ടർമാർ നിർദേശിച്ചിരുന്നു. എന്നാൽ അതിനുള്ള സാമ്പത്തികമോ സൗകര്യങ്ങളോ ആ കുടുംബത്തിന് ഇല്ലായിരുന്നു. 

കുഞ്ഞ് പ്രയാഗ്‍രാജിലെ കമല നെഹ്റു ആശുപത്രിയില്‍ ചികിൽസയിലായിരുന്നു. എന്നാൽ വിദഗ്ധ ചികിൽസ ലഭിച്ചെങ്കിൽ മാത്രമേ കുട്ടിയെ രക്ഷിക്കാൻ കഴിയൂവെന്ന് ഡോക്ടർമാർ വ്യക്തമാക്കിയിരുന്നു. വിവരം അറിഞ്ഞ കോൺഗ്രസിന്റെ നേതാവ് രാജീവ് ശുക്ലയാണ് പ്രിയങ്ക ഗാന്ധിയോട് കുഞ്ഞിനെ പറ്റി സംസാരിക്കുന്നത്. പ്രയാഗ്‍രാജില്‍ പ്രചരണത്തിന് എത്തിയതായിരുന്നു പ്രിയങ്ക. കുട്ടിയുടെ ഗുരുതരവസ്ഥ മനസിലാക്കിയ പ്രിയങ്കാ ഗാന്ധി കുഞ്ഞിനെ ഡൽഹിയിലേക്ക് കൊണ്ടുപോകാമെന്ന് അറിയിച്ചു. ഇതേ തുടർന്നാണ് സ്വകാര്യ വിമാനം ഏര്‍പ്പാടാക്കിയത്. 

പിന്നാലെ കുഞ്ഞിനെയും കുടുംബത്തെയും കൊണ്ട് വിമാനം ഡൽഹി എയിംസിലേക്ക് പറന്നു. രണ്ടര വയസുകാരിയുടെ ചികിൽസ എയിംസിൽ പുരോഗമിക്കുകയാണ്.