അപകീർത്തികരമായ പരാമർശം; പരസ്പരം പരാതി നൽകി എ.എ.പി, ബി.ജെ.പി സ്ഥാനാർഥികൾ

അപകീര്‍ത്തികരമായ പരാമര്‍ശങ്ങളുടെ പേരില്‍ പരസ്പരം പരാതി നല്‍കി ഡല്‍ഹിയിലെ ആം ആദ്മി, ബി.ജെ.പി സ്ഥാനാ‌‍ര്‍ഥികള്‍. ആം ആദ്മി സ്ഥാനാ‍ര്‍ഥി ആതിഷി ബി.ജെ.പിയുടെ ഗൗതം ഗംഭീറിനെതിരെ ഡല്‍ഹി വനിതാ കമ്മിഷന് പരാതി നല്‍കി. അതേസമയം, തനിക്കെതിരെ അപകീ‍ര്‍ത്തികരമായ പരാമ‍ര്‍ശങ്ങള്‍ നടത്തിയെന്ന് ആരോപിച്ച് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‍രിവാളിനും ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയ്‍ക്കും ആതിഷിക്കും ഗംഭീ‌‌ര്‍ മാനനഷ്ടനോട്ടീസ് അയച്ചു. 

വ്യക്തിപരമായി അധിക്ഷേപിക്കുന്ന ലഘുലേഖകള്‍ വിതരണം ചെയ്യുന്നുവെന്നാരോപിച്ച് ആംആദ്മി പാര്‍ട്ടി സ്ഥാനാര്‍ഥി ആതിഷി ഇന്നലെയാണ് രംഗത്തുവന്നത്. പിന്നില്‍ ബി.ജെ.പി സ്ഥാനാര്‍ഥി ഗൗതം ഗംഭീറാണെന്നായിരുന്നു ആരോപണം. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് ഡല്‍ഹി വനിതാ കമ്മീഷന് അതീഷിയുടെ പരാതി. തിരഞ്ഞെടുപ്പ് കമ്മീഷനും ഡല്‍ഹി പൊലീസിനും പരാതി നല്‍കുമെന്നും അതീഷി പറഞ്ഞു

തനിക്കെതിരെ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ നടത്തുന്നുവെന്നാരോപിച്ച് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‍രിവാളിനും, ഉപമുഖ്യമന്ത്രി മനീഷ് സിസോദിയക്കും,അതീഷിക്കുമെതിരെ ഗൗതം ഗംഭീര്‍ മാനനഷ്ടക്കേസ് നല്‍കി. കേജ്‍രിവാള്‍ ഇത്രയും തരംതാഴുമെന്ന് കരുതിയില്ല. സ്ത്രീകളെ ബഹുമാനിക്കാന്‍ പഠിപ്പിക്കുന്ന കുടുംബത്തില്‍ നിന്നാണ് താന്‍ വരുന്നതെന്നും ഈസ്്റ്റ് ഡല്‍ഹി ബി.ജെ.പി സ്ഥാനാര്‍ഥിയായ ഗംഭീര്‍ വ്യക്തമാക്കി. 

ഗംഭീറിനെതിരെ നിയമപരമായ നടപടികളുമായി മുന്നോട്ടുപോകുമെന്ന് അരവിന്ദ് കേജ്‍രിവാള്‍ പ്രതികരിച്ചു. അതേസമയം ഗംഭീറിന് പിന്തുണയുമായി ക്രിക്കറ്റ് താരങ്ങളായ വി.വി.എസ് ലക്ഷ്മണും ഹര്‍ഭജന്‍ സിങ്ങും രംഗത്തെത്തി. ഗംഭീറിനെതിരെയുള്ള ആരോപണങ്ങള്‍ ഞെട്ടിച്ചുവെന്നും സ്ത്രീകളെ ബഹുമാനിക്കുന്നയാളാണ് ഗംഭീറെന്നും താരങ്ങള്‍ ട്വീറ്റ് ചെയ്തു.