ഡ്യൂപ്പിനെ വച്ച് പ്രചാരണം; കാറിനകത്ത് എസിയില്‍ ഗംഭീർ; ബിജെപിയെ കുരുക്കി ചിത്രം പുറത്ത്

ബിജെപിയുടെ ഈസ്റ്റ് ഡൽഹി സ്ഥാനാർത്ഥിയും ക്രിക്കറ്റ് താരവുമായ ഗൗതം ഗംഭീർ ഡ്യൂപ്പിനെ വച്ച് പ്രചരണം നടത്തിയെന്ന് ആരോപിച്ച് ആം ആദ്മി പാർട്ടി. ചിത്രം ഉൾപ്പെടെ ട്വീറ്റ് ചെയ്തുകൊണ്ടാണ് ആരോപണം ഉന്നയിച്ചിരിക്കുന്നത്. പുറത്തെ അമിതമായ ചൂടു കാരണമാണ് ഗംഭീർ പുറത്തിറങ്ങിതിരിക്കുന്നതെന്നും ട്വീറ്റിൽ പറയുന്നു.

ഗംഭീർ കാറിനുള്ളിൽ ഇരിക്കുകയും രൂപസാദൃശ്യമുള്ളയാൾ വാഹനത്തിന് മകളിൽ നിന്ന് കൈവീശി കാണിക്കുന്നതുമാണ് ചിത്രത്തിൽ. സിനിമകളിൽ ആക്ഷൻ രംഗങ്ങൾക്കും ക്രിക്കറ്റിൽ റണ്ണർക്ക് പകരവും അപരനെ ഉപയോഗിക്കുന്നത് കണ്ടിട്ടുണ്ട്. പക്ഷേ തിരഞ്ഞെടുപ്പ് പ്രചരണത്തിന് ഡ്യൂപ്പിനെ ഉപയോഗിക്കുന്നത് ഇതാദ്യമായിരിക്കുമെന്നാണ് ആം ആദ്മി പാർട്ടി പറയുന്നത്.

അതേസമയം ആരോപണത്തിനോട് ഗൗതം ഗംഭീര്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. ഗൗതം ഗംഭീര്‍ കാറിലാണെന്നുള്ള കാര്യം ജനങ്ങള്‍ക്ക് അറിയാമായിരുന്നെന്നും അതിനാലാണ് അവര്‍ ഫോട്ടോയെടുക്കുന്നതെന്നുമാണ് അദ്ദേഹത്തെ അനുകൂലിക്കുന്നവര്‍ ട്വിറ്ററില്‍ വാദിക്കുന്നത്.

ഗൗതം ഗംഭീര്‍ എതിര്‍ സ്ഥാനാര്‍ത്ഥിയെ അധിക്ഷേപിച്ചുകൊണ്ട് നോട്ടീസുകള്‍ വിതരണം ചെയ്തുവെന്ന് കഴിഞ്ഞദിവസം എ.എ.പി ആരോപിച്ചിരുന്നു. കിഴക്കന്‍ ഡല്‍ഹിയിലെ എ.എ.പി സ്ഥാനാര്‍ത്ഥിയായ അതിഷിയെ അധിക്ഷേപിച്ച് നോട്ടീസ് വിതരണം ചെയ്‌തെന്നായിരുന്നു ആരോപണം. എന്നാല്‍ ആരോപണം ഗംഭീര്‍ തള്ളിയിരുന്നു. ആരോപണം ഉന്നയിച്ച ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ അടക്കമുള്ള എ.എ.പി നേതാക്കള്‍ക്കെതിരെ മാനനഷ്ടത്തിന് കേസുകൊടുക്കുമെന്നും ഗംഭീര്‍ പറഞ്ഞിരുന്നു.