റാവുവും കോൺഗ്രസ് ചേരിയിലേക്ക്; മോദിക്ക് നെഞ്ചിടിപ്പ് കൂട്ടി പുതിയ കരുനീക്കം‍; ആകാംക്ഷ

രാജ്യം ഉറ്റുനോക്കുന്ന തിരഞ്ഞെടുപ്പു ഫലമറിയാന്‍ ദിവസങ്ങൾ മാത്രമാണ് ബാക്കി. ശേഷിക്കുന്ന മണ്ഡലങ്ങളിലെ പോളിങ്ങ് കൂടി കഴിഞ്ഞാൽ പിന്നെ ആകാംക്ഷയുടെ ദിവസങ്ങള്‍. ബിജെപിയെ ഏതുവിധേനയും തുരത്തുക എന്ന ഒരൊറ്റ ലക്ഷ്യമാണ് കോണ്‍ഗ്രസിന്. ചെറുപാർട്ടികളെ ഒപ്പം കൂട്ടി സഖ്യസര്‍ക്കാർ രൂപീകരിക്കുക എന്ന കോണ്‍ഗ്രസ് ശ്രമങ്ങൾക്ക് പുത്തൻ ഊര്‍ജം പകരുന്ന വാർത്തകളാണ് പുറത്തു വരുന്നത്. 

തെലങ്കാനയിലെ ഭരണകക്ഷി ടിആര്‍എസും (തെലുങ്കുദേശം പാർട്ടി) മുഖ്യമന്ത്രി ചന്ദ്രശേഖര റാവുവും കോണ്‍ഗ്രസുമായി കൈകോർക്കാൻ തയ്യാറാണെന്നാണ് റിപ്പോര്‍ട്ടുകൾ. മുന്‍പ് മൂന്നാം മുന്നണിയെന്ന ആശയത്തിനൊപ്പമായിരുന്ന റാവു ഇപ്പോൾ ബിജെപി വിരുദ്ധ ചേരിയിലേക്ക് നീങ്ങുന്നു എന്നും റിപ്പോർട്ടുകളുണ്ട്. 

‌ചന്ദ്രശേഖര റാവുവിന്‍റെ വിശ്വസ്തനും ടിആര്‍എസ് നേതാവുമായ ബി വിനോദ് കുമാറാണ് ഇതു സംബന്ധിച്ച സൂചനകള്‍ നൽകിയത്. കോൺഗ്രസ്–ടിആർഎസ് കൂടിക്കാഴ്ച നടന്നതായും ഒരു ദേശീയമാധ്യമം റിപ്പോർട്ട് ചെയ്യുന്നു. കോണ്‍ഗ്രസ് 100 ൽ അധികവും ബിജെപി 170 ൽ താഴെയും സീറ്റുകളായിരിക്കും നേടുകയെന്നും സഖ്യസർക്കാരായിരിക്കും അധികാരത്തിലെത്തുകയെന്നും പ്രധാനമന്ത്രി കോൺഗ്രസിൽ നിന്നായിരിക്കില്ലെന്നും വിനോദ് കുമാർ പറയുന്നു. 

പ്രാദേശിക കക്ഷികളുടെ പിന്തുണ വേണ്ടത്ര ലഭിക്കാത്ത സാഹചര്യത്തിൽ ഫെഡറൽ മുന്നണി നീക്കങ്ങൾ പരാജയപ്പെട്ട അവസ്ഥയിലാണ് റാവു കോൺ‍ഗ്രസ് ചേരിയിലേക്ക് അടുക്കുന്നതെന്നും റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നു. രാജ്യത്ത് സഖ്യസർക്കാർ അധികാരത്തിൽ വന്നേക്കാമെന്നും ടിആർഎസ് കണക്കു കൂട്ടുന്നു. 

ബിജെപി, കോൺഗ്രസ് ഇതര മൂന്നാം മുന്നണിക്കായി ഏറ്റവും ശക്തമായി രംഗത്തുണ്ടായിരുന്ന പാർട്ടിയാണ് ടിആർഎസ്. മറ്റു പാർട്ടികളുമായി കോൺഗ്രസ് നടത്തിയ ചർച്ചകളില്‍ ടിആർഎസ് മുൻപ് പങ്കെടുത്തിരുന്നുമില്ല. തെലങ്കാന രൂപീകരണത്തിനു ശേഷം കോൺഗ്രസിനെ കൈയൊഴിഞ്ഞ ചരിത്രവും ടിആർഎസിനൊപ്പമുണ്ട്.