'വോട്ടു കുറഞ്ഞാൽ വികസനം കുറയും'; വിവാദങ്ങളൊഴിയാതെ മേനക ഗാന്ധി

വിവാദങ്ങളൊഴിയാതെ കേന്ദ്രമന്ത്രി മേനക ഗാന്ധിയുടെ തിരഞ്ഞെടുപ്പ് പ്രചാരണം. വോട്ടുകുറഞ്ഞാല്‍ വികസനം കുറയുമെന്ന മേനക ഗാന്ധിയുടെ പരാമര്‍ശമാണ് വിവാദമായത്. വോട്ടുകളുടെ ശതമാനം അനുസരിച്ച് എ, ബി, സി, ഡി എന്നിങ്ങനെ തരംതിരിച്ചാകും വികസനം നടത്തുകയെന്ന് കേന്ദ്രമന്ത്രി പറഞ്ഞു. 

വോട്ടുചെയ്തില്ലെങ്കില്‍ മുസ്‍ലിം വോട്ടര്‍മാര്‍ക്ക് ജോലി നല്‍കില്ലെന്ന പരാമര്‍ശത്തില്‍ തിരഞ്ഞെടുപ്പ് കമ്മിഷന്‍ അച്ചടക്കത്തിന്റെ വാള്‍ വീശിയ പശ്ചാത്തലത്തിലാണ് മേനക ഗാന്ധിയുടെ മറ്റൊരു പ്രസംഗവും ചര്‍ച്ചയാകുന്നത്. ബിജെപിക്ക് 80 ശതമാനം വോട്ടുകിട്ടുന്ന ഗ്രാമങ്ങള്‍ എ വിഭാഗം, 60 ശതമാനം കിട്ടുന്ന ഗ്രാമം ബി,  50 ശതമാനം കിട്ടുന്നവ സി വിഭാഗം, മുപ്പതും അതിനുതാഴെയും കിട്ടുന്നവ ഡി എന്നീ വിഭാഗങ്ങളാക്കി തരംതിരിക്കും. ഇതിന്റെ അടിസ്ഥാനത്തിലായിരിക്കും വികസനം നടത്തുക. മേനക ഗാന്ധിയുടെ സിറ്റിങ് മണ്ഡലവും മകന്‍ വരുണ്‍ ഗാന്ധി ഇക്കുറി ജനവിധി തേടുകയും ചെയ്യുന്ന പിലിഭിത്തിലെ തിരഞ്ഞെടുപ്പ് റാലിക്കിടെയാണ് മേനകയുടെ പരാമര്‍ശം.

സുല്‍ത്താന്‍പൂരില്‍ നടത്തിയ മുസ്‍ലിംവിരുദ്ധ പരാമര്‍ശത്തില്‍ മേനകയ്ക്ക് തിരഞ്ഞെടുപ്പ് കമ്മിഷന്‍ പ്രചാരണ വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. മകന്റെ മണ്ഡലമായ സുല്‍ത്താന്‍പൂരില്‍ ഇക്കുറി മേനക ഗാന്ധിയാണ് മല്‍സരിക്കുന്നത്.