'പ്രവർത്തകർക്ക് അന്തസ്സുണ്ടെങ്കിൽ പ്രചാരണത്തിന് പങ്കെടുക്കും': നിഖിൽ കുമാരസ്വാമി

കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് അന്തസുണ്ടെങ്കില്‍ തന്‍റെ പ്രചാരണത്തിന് പങ്കെടുക്കുമെന്ന് മുഖ്യമന്ത്രി കുമാരസ്വാമിയുടെ മകനും ജെ.ഡി.എസ്. സ്ഥാനാര്‍ഥിയുമായ നിഖില്‍ കുമാരസ്വാമി. സുമലത തിരഞ്ഞെടുപ്പ് വിജയം സ്വപ്നം കണ്ട് നടത്തുന്ന ശ്രമങ്ങള്‍ വിഫലമാകുമെന്നും മണ്ഡ്യയിലെ ജനങ്ങള്‍ തനിക്കൊപ്പമാണെന്നും നിഖില്‍ മനോരമ ന്യൂസിനോട് പറഞ്ഞു. ഉള്‍ഗ്രാമങ്ങള്‍ കേന്ദ്രീകരിച്ച് പ്രചാരണം സജീവമാക്കുകയാണ് നിഖില്‍ കുമാരസ്വാമി.  

തര്‍ക്കങ്ങള്‍ക്കും വിവാദങ്ങള്‍ക്കും ചെവികൊടുക്കാതെ  പ്രചാരണത്തില്‍ ശ്രദ്ധാലുവാണ് നിഖില്‍ കുമാരസ്വാമി. പതിവിലും വിപരീതമായി ഉള്‍ഗ്രാമങ്ങളിലും കൃഷിയിടങ്ങളിലുമിറങ്ങിയാണ് പ്രചാരണം കൊഴുപ്പിക്കുന്നത്. മണ്ഡലത്തില്‍ ഇത്തവണ ജെ.ഡി.എസിന് അഭിമാനപ്പോരാട്ടമാണ്. കോണ്‍ഗ്രസ് പ്രവര്‍ത്തകരില്‍ ചിലര്‍ സുമലതയ്ക്കൊപ്പം പോകുന്നതിലുള്ള അതൃപ്തിയും നിഖില്‍ വ്യക്തമാക്കി.മണ്ഡ്യയിലെ ജനങ്ങളെ അടുത്തറിയാമെന്നും അവരുടെ ആവശ്യങ്ങള്‍ക്കായാണ് തന്‍റെ പോരാട്ടമെന്നും നിഖില്‍ പറഞ്ഞു. 

സുമലതയ്ക്കൊപ്പം പ്രചാരണത്തില്‍ പങ്കെടുക്കരുതെന്ന് കര്‍ണാടക പി സിസി പ്രവര‍്ത്തകര്‍ക്ക് താക്കീത് നല്‍കിയിട്ടും ചുരുക്കം ചിലര്‍‍ ഇത് അംഗീകരിച്ചിട്ടില്ല. ഇതിനെതിരെ കുമാരസ്വാമിയടക്കം രംഗത്തെത്തിയതോടെയാണ് കോണ്‍ഗ്രസ് അനുനയ നീക്കങ്ങള്‍ തുടങ്ങിയത്. പതിമൂന്നിന് നിഖിലിനായി കോണ്‍ഗ്രസ് അധ്യക്ഷന്‌ രാഹുല്‍ ഗാന്ധി കെ ആര്‍ പേട്ടില്‍ റോഡ് ഷോ നടത്തും.