മഹാസഖ്യത്തിന് അവഗണന; കനയ്യ കുമാര്‍ ഒറ്റയ്ക്ക് മല്‍സരിക്കും

ബിഹാറിലെ മഹാസഖ്യം അവഗണനതുടരുന്നതിനിടെ വിദ്യാര്‍ഥി നേതാവ് കനയ്യ കുമാര്‍ ഒറ്റയ്ക്ക് മല്‍സരിച്ചേയ്ക്കും. പ്രചാരണം തുടങ്ങിയ െബഗുസാരായ് മണ്ഡലത്തില്‍തന്നെ സ്വതന്ത്രനായി മല്‍സരിക്കാനാണ് നീക്കം. അതേസമയം, സഖ്യസാധ്യതകളില്‍ അവസാന ശ്രമം നടത്തുന്ന ഇടതുനേതാക്കള്‍ നാളെ പ്രത്യേകയോഗം ചേരും. 

ജെ.എന്‍.യുവിലെ തീപൊരി നേതാവിന്റെ ശബ്ദം മഹാസഖ്യത്തിന്റെ ഭാഗമായി തിരഞ്ഞെടുപ്പ് ഗോദയില്‍ മുഴങ്ങുന്നതിനുള്ള ചര്‍ച്ചകള്‍ പൂര്‍ത്തിയായതാണ്. എന്നാല്‍ മഹാസഖ്യത്തില്‍ വന്ന കല്ലുകടിയും, കനയ്യയുടെ മണ്ഡലമായ ബഗുസാരായ് വിട്ടുനല്‍കാനാവില്ലെന്ന ആര്‍.ജെ.ഡിയുടെ കടുംപിടുത്തവുമാണ് യുവനേതാവിന് സീറ്റ് നിഷേധിക്കാന്‍ കാരണം. മഹാസഖ്യം തള്ളിയെങ്കിലും മാസങ്ങള്‍ മുന്‍പ് ആരംഭിച്ച പ്രചാരണത്തില്‍നിന്ന് പിന്നോട്ടില്ലെന്ന നിലപാടിലാണ് കനയ്യകുമാറും സിപിഐയും. 

നാളെ നടക്കുന്ന ഇടതുപാര്‍ട്ടികളുടെ യോഗം സ്ഥാനാര്‍ഥിത്വം സംബന്ധിച്ച അന്തിമ തീരുമാനമെടുക്കും. ബഗുസാരായി മണ്ഡലത്തില്‍ മഹാസഖ്യം ഇതുവരെ സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചിട്ടില്ലാത്തതിനാല്‍  ആര്‍ജെഡി, കോണ്‍ഗ്രസ് നേതാക്കളുമായി അവസാനവട്ട ചര്‍ച്ചകള്‍ നടക്കുന്നുണ്ട്.