‘ഞാൻ പോരാളിയായ റൊണാള്‍ഡോ ഫാൻ’; കയ്യടി നേടി രാഹുലിന്റെ വേഗ മറുപടികൾ; വിഡിയോ

ചെന്നൈയിൽ രാഹുൽ ഗാന്ധി വിദ്യാർഥിനികളുമായി നടത്തിയ സംവാദം രാജ്യശ്രദ്ധ നേടിയിരുന്നു. ഉയരുന്ന ചോദ്യങ്ങൾക്ക് പതാറാതെ മറുപടി പറഞ്ഞ അദ്ദേഹത്തിന്റെ ശൈലി എതിരാളികൾക്ക് വലിയ അമ്പരപ്പായിരുന്നു. ഇപ്പോഴിതാ സംവാദത്തിൽ വീണ്ടും മിന്നുകയാണ് രാഹുൽ ഗാന്ധി.

മണിപ്പൂരിലെ ഇംഫാലില്‍ നടന്ന ജനാധിപത്യത്തിന് വേണ്ടിയുള്ള സംവാദം എന്ന പരിപാടിക്കിടെ രാഹുല്‍ ഗാന്ധിക്ക് മുന്നിലേക്ക് തുടരെ തുടരെ ചോദ്യങ്ങളെത്തി. ഇതിൽ ഒരു ചോദ്യത്തിന് അദ്ദേഹം നൽകിയ മറുപടി വലിയ കയ്യടികളോടെയാണ് എല്ലാവരും സ്വീകരിച്ചത്.

റയല്‍ മാഡ്രിഡ് ആരാധകനാണോ അതോ ബാഴ്സ ആരാധകനാണോ എന്നതായിരുന്നു അതിലൊരു ചോദ്യം. ചോദ്യം പൂർത്തിയായ ഉടനെ അദ്ദേഹത്തിന്റെ മറുപടി ഇങ്ങനെ. ‘ഞാൻ ഒരു യുവന്‍റസ് ആരാധകനാണ്. പിന്നെ റയലോ ബാഴ്സയോ എന്ന് എടുത്ത് ചോദിച്ചാൽ ഞാൻ തീർച്ചയായും റയലിന്റെ ആരാധകനാണ്. അല്‍പം കൂടെ കൃത്യമായി പറഞ്ഞാൽ റൊണാള്‍ഡോ അവിടെയുണ്ടായിരുന്ന സമയം വരെ ഒരു റയല്‍ ആരാധകനായിരുന്നു.’  ഇൗ മറുപടിക്ക് സദസിലുണ്ടായിരുന്നവർ വലിയ ആർപ്പുവിളികളോടെയാണ് സ്വീകരിച്ചത്. ഇൗ വിഡിയോ ഇപ്പോൾ റൊണാള്‍ഡോ ആരാധകരും ഏറ്റെടുത്തിരിക്കുകയാണ്.