മോദി സമ്പന്നരുടെ ‘ചൗകീദാര്‍’; കര്‍ഷകര്‍ക്ക് കാവലില്ല; 'ഗംഗാ യാത്ര' യിൽ പ്രിയങ്ക

നരേന്ദ്ര മോദിയെ വെല്ലുവിളിച്ച് പ്രിയങ്ക ഗാന്ധിയുടെ ഗംഗാ യാത്ര. പ്രയാഗ് രാജിൽ നിന്ന് വാരാണസിയിലേക്കാണ് തിരഞ്ഞെടുപ്പു പ്രചാരണ യാത്ര. 

ബഡാ ഹനുമാൻ ക്ഷേത്രത്തിലെ പ്രാർഥനയോടെയാണ് പ്രിയങ്ക ഗാന്ധിയുടെ മൂന്നു ദിവസത്തെ ഗംഗാ യാത്രയ്ക്ക് തുടക്കമായത്.ഗംഗ ,യമുന ,സരസ്വതി നദികളുടെ സംഗമ സ്ഥലമായ സംഗമിലാണ് ബടാ ഹനുമാൻ ക്ഷേത്രം. 40 വർഷം മുമ്പ് ഇന്ദിരാഗാന്ധിയും ഈ ക്ഷേത്രത്തിൽ സന്ദർശനം നടത്തിയിട്ടുണ്ട്. 

മന്യയിൽ ബോട്ട് യാത്ര തുടങ്ങാനെത്തിയ പ്രിയങ്കയെ പ്രവർത്തകർ ആവേശത്തോടെ വരവേറ്റു. ആദ്യഘട്ട യാത്രയിൽ വിദ്യാർഥി സംഘവുമായി എഐസിസി ജനറൽ സെക്രട്ടറി സംവദിച്ചു. ദും ദുമാ ഘട്ടിൽ പൊതുയോഗത്തെ അഭിസംബോധന ചെയ്ത പ്രിയങ്ക നരേന്ദ്ര മോദിക്കെതിരെ ആഞ്ഞടിച്ചു. രാജ്യത്തിന്റെ കാവൽക്കാരൻ സമ്പന്നർക്ക് വേണ്ടി മാത്രമാണെന്നും കർഷകർക്ക് വേണ്ടിയല്ലെന്നും അവർ പറഞ്ഞു. 

ഗംഗാമാതാവിന്റെ മടിത്തട്ടിലൂടെ സാധാരണക്കാരിലേക്ക് എന്നതാണ് ഗംഗ യാത്രയുടെ പ്രമേയം. 2014ൽ നരേന്ദ്ര മോദിയും താൻ ഗംഗാമാതാവിന്റെ പുത്രന്നെന്നു പറഞ്ഞാണ് പ്രചാരണം തുടങ്ങിയത്. മോദിയുടെ മണ്ഡലമായ വാരണസിയിലാണ് പ്രിയങ്കയുടെ യാത്ര സമാപിക്കുന്നത്.