‘മുറി’ ഇംഗ്ലീഷില്‍ സഹായം തേടി; പരിഹസിച്ച് ചിലര്‍; താനും ഇംഗ്ലീഷ് പഠിച്ചത് ഇപ്പോഴെന്ന് സുഷമ

ഏത് സമയത്തും തന്റെ സേവനം സോഷ്യൽ മീഡിയയിലൂടെയാണെങ്കിലും ജനങ്ങളിൽ എത്തിക്കാൻ ശ്രദ്ധിക്കുന്ന മന്ത്രിയാണ് സുഷമ സ്വരാജ്. സമൂഹമാധ്യമത്തിലൂടെ സുഷമയോട് സഹായമഭ്യർഥിക്കുന്നവരെ പരമാവധി സഹായിക്കാൻ സുഷമ ശ്രദ്ധിക്കാറുണ്ട്. ഇപ്പോഴിതാ സഹായം അഭ്യർഥിച്ച് എത്തിയ വ്യക്തിയ്ക്ക് മാനസിക പിന്തുണകൂടി നൽകിയിരിക്കുകയാണ് മന്ത്രി. 

മലേഷ്യയിൽ താമസിക്കുന്ന ഗേവി എന്ന പൗരനാണ് സഹായവുമായി ട്വിറ്ററിലെത്തിയത്. പഞ്ചാബ് സ്വദേശിയായ അദ്ദേഹം മാനസികമായി സുഖമില്ലാത്ത തന്റെ സുഹൃത്തിനെ ഇന്ത്യയില്‍ എത്തിക്കാന്‍ വേണ്ടിയാണ് സുഷമയോട് സഹായം തേടിയത്. മുറി ഇംഗ്ലീഷിലാണ് ഗേവി സഹായം ചോദിച്ചത്. നിരവധിയാളുകൾ ഈ ട്വീറ്റിനെ പരിഹസിക്കാൽ തുടങ്ങി. ഇതോടെ സുഷമ സ്വരാജ് തന്നെ ഗേവിയുടെ സഹായത്തിന് എത്തി. താന്‍ പോലും വിദേശകാര്യ മന്ത്രി ആയതിന് ശേഷമാണ് ഇംഗ്ലീഷ് പഠിച്ചതെന്ന് സുഷമ ട്വീറ്റ് ചെയ്തു. ഇംഗ്ലീഷ് ഉച്ചാരണവും വ്യാകരണവും വിദേശകാര്യ മന്ത്രി ആയതിന് ശേഷമാണ് പഠിച്ചതെന്നാണ് സുഷമ സ്വരാജ് വ്യക്തമാക്കിയത്. ഇതിന് പിന്നാലെ സുഷമയെ പുകഴ്ത്തി നിരവധി പേരാണ് രംഗത്തെത്തിയത്.