'ബഹനോം ഓർ ഭായിയോം..’; പ്രിയങ്കയുടെ പ്രസംഗശൈലി സ്ത്രീമുന്നേറ്റത്തിന്റെ ചുവടോ? ചര്‍ച്ചച്ചൂട്

നിർണായകമായ പൊതുതിരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ ശക്തമായ സാന്നിധ്യമാണ് പ്രിയങ്ക ഗാന്ധി. സജീവ രാഷ്ട്രീയത്തിൽ പ്രവേശിച്ചതുമുതൽ ഏറെ പ്രതീക്ഷയോടെയാണ് ജനങ്ങൾ പ്രിയങ്കയുടെ ഓരോ വാക്കിനും കാതോർക്കുന്നത്. പ്രധാനമന്ത്രിയുടെ തട്ടകമായ ഗുജറാത്തിൽ കേട്ടുപരിചയിച്ച വാക്പ്രയോഗങ്ങൾ പ്രിയങ്ക ഉപയോഗിക്കാതിരുന്നത് കയ്യടിയോടെയാണ് പുരുഷാരം സ്വീകരിച്ചത്. നരേന്ദ്രമോദിയുടെ 'ഭായിയോം ഓർ ബഹനോം' എന്ന പ്രിയപ്പെട്ട പ്രയോഗമാണ് പ്രിയങ്ക മാറ്റിയത്. 'ബഹനോം ഓർ ഭായിയോം' എന്ന് പറഞ്ഞുകൊണ്ടാണ് പ്രിയങ്ക പ്രസംഗം ആരംഭിച്ചത്.

സഹോദരീ സഹോദരന്മാരെ എന്ന കേരളത്തിലെ പ്രയോഗമാണ് പ്രിയങ്ക മാതൃകയാക്കിയത്. മറ്റുസംസ്ഥാനങ്ങളിൽ പൊതുവെ എല്ലാവരും 'ഭായിയോം ഓർ ബഹനോം' എന്നാണ് ഉപയോഗിക്കുന്നത്. പഴകിയ പ്രയോഗങ്ങൾ ഏറ്റുപിടിക്കാനില്ലയെന്ന പ്രിയങ്കയുടെ ഉറച്ചനിലപാടാണ് തെളിഞ്ഞുകണ്ടതെന്ന് സമൂഹമാധ്യമങ്ങൾ വാഴ്ത്തുന്നു. സ്ത്രീകളുടെ ഉന്നമനത്തിനായുള്ള ആദ്യചുവടാണ് പ്രിയങ്കയുടെ ഈ പ്രയോഗമെന്നാണ് വിദഗ്ധാഭിപ്രായം. 

കോൺഗ്രസിൽ സ്ത്രീകൾക്ക് മുൻഗണന നൽകണമെന്ന ആശയം കൂടിയാണ് കോൺഗ്രസ് ജനറൽ സെക്രട്ടറി മുന്നോട്ട് വയ്ക്കുന്നതെന്ന് പറയുന്നവരും കുറവല്ല. ട്വിറ്ററിൽ സുഷ്മിത ദേവ് ആണ് പ്രിയങ്കയുടെ 'ബഹനോം ഓർ ഭായിയോം' പ്രയോഗം ചൂണ്ടികാട്ടിയത്.