ധീരജവാന്റെ ചിതയ്ക്ക് തീ കൊളുത്തവേ തളര്‍ന്നുവീണ് മകള്‍; താങ്ങി സൈനികന്‍: വി‍ഡിയോ

രാജ്യത്തിനായി ജീവൻ നൽകിയ ധീരജവാന്റെ മകളാണ് എന്ന് ഒരു നൂറാവർത്തി ഇൗ കുഞ്ഞ് മനസിൽ പറഞ്ഞുറപ്പിച്ചിരിക്കാം. പക്ഷേ അവൾ ചോദിച്ചുകൊണ്ടേയിരുന്നു. ‘പപ്പാ.. ഇനി വീട്ടിലേക്ക് തിരിച്ചുവരുമോ..? പപ്പ എങ്ങോട്ടാണ് പോകുന്നത്..?’. ഒടുവിൽ അച്ഛന്റെ ചിതയ്ക്ക് തീകൊളുത്താൻ എത്തിയ അവൾക്ക് സങ്കടം അടക്കാനായില്ല. കേവലം പത്തുവയസ് മാത്രമുള്ള ആ കുഞ്ഞ് ബോധരഹിതയായി. അപ്പോഴും അവളെ താങ്ങി നിർത്താൻ ഒപ്പമുണ്ടായിരുന്നത് സൈന്യവും. സോഷ്യൽ ലോകത്ത് കണ്ണീരോടെ ഒരായിരം സല്യൂട്ട് നൽകി പങ്കുവെയ്ക്കുകയാണ് ഇൗ വിഡിയോ. ഒപ്പം ഒരു അടിക്കുറിപ്പും. ‘തിരിച്ചടിച്ചിരിക്കും...’

ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട സിആർപിഎഫ് ജവാൻ പ്രദീപ് സിംഗ് യാദവിന്റെ മൃതദേഹം വീട്ടിലെത്തിച്ചപ്പോഴാണ് കരളുപിളരുന്ന സങ്കടത്തിന് രാജ്യം സാക്ഷ്യം വഹിച്ചത്. ഒൗദ്യോഗിക ബഹുമതികളോടെ ജവാന്റെ മൃതദേഹം സംസ്കരിക്കാൻ എടുക്കുമ്പോഴാണ് അതുവരെ പിടിച്ച് നിന്ന പത്തുവയസുകാരി സുപ്രിയ പൊട്ടിക്കരഞ്ഞത്. ധീര ജവാന് അന്ത്യാഞ്ജലി അർപ്പിക്കാനെത്തിയവർ ഭാരത് മാതാ കീ ജയ് എന്ന് ഉറക്കെ വിളിക്കുമ്പോൾ അതിനൊപ്പം കരഞ്ഞുകൊണ്ട് അവളുടെ വാക്കുകളും ഉണ്ടായിരുന്നു. ‘പപ്പാ.. ഇനി വീട്ടിലേക്ക് തിരിച്ചുവരുമോ..? പപ്പ എങ്ങോട്ടാണ് പോകുന്നത്..?’ അവളുടെ ചോദ്യങ്ങൾക്ക് ചേർത്ത് നിർത്തുക എന്നതല്ലാതെ ഒപ്പമുണ്ടായിരുന്ന സൈന്യത്തിനോ ബന്ധുക്കൾക്കോ കഴിഞ്ഞില്ല.

ആചാരപ്രകാരമുള്ള ചടങ്ങുകൾക്ക് ശേഷം ചിതയ്ക്ക് തീ കൊളുത്താൻ മകളെത്തിയപ്പോഴും അവൾ കരയുകയായിരുന്നു. ഒടുവിൽ തീ കൊളുത്തുന്നതിന് മുൻപ് അവൾ ബോധരഹിതയായി സമീപത്ത് നിന്നിരുന്ന സൈനികന്റെ കൈകളിേലക്ക് വീണു. കുട്ടിയെ വേഗം സമീപത്തെ ആശുപത്രിയിലേക്ക് മാറ്റി. ഇൗ ദൃശ്യങ്ങൾ രാജ്യത്തിന്റെ ഉള്ളുലയ്ക്കുകയാണ്.