വിമാനം പോലെ പായുന്ന ഹൈ സ്പീഡ് ട്രെയിന്‍; കേന്ദ്രമന്ത്രിയുടെ കളളം പൊളിഞ്ഞു: ട്രോള്‍

മമതാബാനർജിയുടെ പ്രതിരോധം വകവയ്ക്കാതെ നരേന്ദ്രമോദിയുടെ റാലിക്ക് ലക്ഷങ്ങൾ ഇരമ്പിയെന്ന ശീർഷകത്തോടെ ബിജെപി കേന്ദ്രങ്ങള്‍ പ്രചരിപ്പിച്ച ചിത്രങ്ങൾ വ്യാജമെന്ന് തെളിഞ്ഞത് കഴിഞ്ഞ ദിവസമാണ്. സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ച ചിത്രങ്ങൾ അമേരിക്കയിലേതെന്ന് തെളിഞ്ഞതിനു പിന്നാലെ മറ്റൊരു കളളം കൂടി പൊളിയുന്നു. ഇത്തവണ പിടിക്കപ്പെട്ടത് റെയില്‍വേ മന്ത്രി പീയുഷ് ഗോയലാണ്. പിന്നാലെ സമൂഹമാധ്യമങ്ങളിൽ ട്രോളുകളും പരിഹാസവും നിറഞ്ഞു.

ഇന്ത്യയിലെ ആദ്യ സെമി ഹൈ സ്പീഡ് ട്രെയിനിന്റെ അതിവേഗത നിറഞ്ഞ സഞ്ചാരം കാണൂ എന്ന തലക്കെട്ടില്‍ ഗോയൽ പ്രചരിപ്പിച്ച വിഡിയോയിലെ കൃതിമം സമൂഹമാധ്യമങ്ങൾ കണ്ടെത്തിയതോടെയാണ് കളി കൈവിട്ടത്. യഥാര്‍ത്ഥ വിഡിയോ രണ്ട് വട്ടം ഫാസ്റ്റ് ഫോര്‍വേഡ് ചെയ്ത് എഡിറ്റ് ചെയ്തതിന് ശേഷമാണ് മന്ത്രി പീയുഷ് ഗോയല്‍ പോസ്റ്റ് ചെയ്തതെന്ന് വിഡിയോയുടെ യഥാര്‍ത്ഥ ഉടമ അഭിഷേക് ജെയ്സ്വാള്‍ ട്വിറ്ററിലൂടെ പ്രതികരിച്ചതോടെയാണ് കളളി വെളിച്ചത്തായത്. 

ഗോയല്‍ ട്വിറ്ററില്‍ പങ്ക് വെച്ച വിഡിയോ ബി.ജെ.പി ദേശീയ ജനറല്‍ സെക്രട്ടറി രാം മാധവ് റീട്വീറ്റ് ചെയ്തിരുന്നു. ‘പക്ഷിയെ പോലെ, വിമാനം പോലെ കാണു മെയ്ക്ക് ഇന്‍ ഇന്ത്യയിലൂടെ നിര്‍മ്മിച്ച ഇന്ത്യയിലെ ആദ്യ സെമി ഹൈ സ്പീഡ് ട്രെയിന്‍. മിന്നല്‍ വേഗതയില്‍ പായുന്ന വന്ദേ ഭാരത് എക്സ്പ്രസ്’; എന്ന തലക്കെട്ടോടെയാണ് ഗോയൽ വിഡിയോ പോസ്റ്റു ചെയ്തത്. നിരവധി പേരാണ് ഗോയലിനെതിരെ രംഗത്തു വന്നത്.