യാത്രകൾക്കായി പൊതുപണം ധൂർത്തടിച്ചു; കേന്ദ്രമന്ത്രി പിയൂഷ് ഗോയലിനെതിരെ ആരോപണം

ചെലവുചുരുക്കല്‍നയം അട്ടിമറിച്ച്  മന്ത്രി പിയൂഷ് ഗോയല്‍ യാത്രകള്‍ക്കായി പൊതുപണം ധൂര്‍ത്തടിച്ചതായി റിപ്പോര്‍ട്ട്. റെയില്‍വേമന്ത്രിയായി ചുമതലയേറ്റെടുത്തശേഷം പിയൂഷ് ഗോയല്‍ ചട്ടങ്ങള്‍ മറികടന്ന് വിമാനയാത്രകള്‍ക്കായി ചെലവഴിച്ചത് കോടികളാണെന്ന വാര്‍ത്ത ഒാണ്‍ലൈന്‍ മാധ്യമമാണ് പുറത്തുവിട്ടത്. കുടുംബത്തോടൊപ്പമുള്ള സ്വകാര്യയാത്രകള്‍ക്കും മന്ത്രി ഖജാനാവില്‍ നിന്നാണ് കാശെടുത്തത്. ചെലവ് ചുരുക്കാന്‍ കേന്ദ്രമന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും എയര്‍ ഇന്ത്യയില്‍ മാത്രമേ സഞ്ചരിക്കാവൂവെന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി നല്‍കിയിരുന്ന നിര്‍ദേശം. എന്നാല്‍ ചാര്‍ട്ടേര്‍ഡ് വിമാനങ്ങളിലും സ്വകാര്യ വിമാന സര്‍വീസുകളിലെ ബിസിനസ് ക്ലാസുകളിലും പറന്നു നടന്ന് പിയൂഷ് ഗോയല്‍ കോടികളാണ് പൊടിച്ചത്. ട്രെയിന്‍ അപകടകള്‍ നടന്ന സ്ഥലങ്ങള്‍ സന്ദര്‍ശിക്കാന്‍ മാത്രമേ മന്ത്രി ചാര്‍ട്ടേഡ് വിമാനങ്ങള്‍ ഉപയോഗിക്കാവൂവെന്നാണ് ചട്ടം. എന്നാല്‍ ചാര്‍ട്ടേഡ് വിമാനങ്ങള്‍ വാടകയ്ക്ക് എടുക്കാന്‍ െഎ.ആര്‍.സി.റ്റി.സിയെ ചുമതലപ്പെടുത്തിയാണ് പിയൂഷ് ഗോയല്‍ ഈ ചട്ടം മറികടന്നത്. പിയൂഷ് ഗോയലിന്‍റെ ഒാരോ വിമാനയാത്രയ്ക്കും സാധാരണ ബിസിനസ് ക്ലാസ് യാത്രയേക്കാള്‍ 20 ഇരട്ടിയോളം ചെലവ് വരുന്നതായി റെയില്‍വേയുടെ രേഖകള്‍ പറയുന്നു. ചാര്‍ട്ടേഡ് വിമാനങ്ങളില്‍ അല്ലാതെയുള്ള യാത്രകള്‍ക്കായി സീറ്റ് ഉറപ്പിക്കാന്‍ മൂന്നോ, നാലോ ബിസിനസ് ക്ലാസ് ടിക്കറ്റെടുത്തും പണം ധൂര്‍ത്തടിച്ചിട്ടുണ്ട്. റെയില്‍വേ മന്ത്രിയായി ഒരു വര്‍ഷം തികയും മുന്‍പ് പിയൂഷ് ഗോയല്‍ ഇത്തരത്തില്‍ 1023 തവണ വിമാനയാത്ര നടത്തിയിട്ടുണ്ട്. ഏപ്രില്‍ രണ്ടിന് മഹാരാഷ്ട്രയില്‍ കോച്ച് ഫാക്ടറി ഉല്‍ഘാടനം ചെയ്യാന്‍ പോകാന്‍ ചാര്‍ട്ടേഡ് വിമാനം ഉപയോഗിച്ചതിന് ചെലവായത് ഇരുപത്തിയഞ്ച് ലക്ഷത്തി അന്‍പതിനായിരം രൂപ. പോയപോക്കില്‍ ഷിര്‍ദി സായ് ബാബ ക്ഷേത്രമടക്കം മൂന്ന് ക്ഷേത്രങ്ങളില്‍ ദര്‍ശനവും നടത്തി. ജോധ്പൂര്‍ – ബാന്ദ്ര എക്സ്പ്രസിന് പച്ചക്കൊടി വീശാന്‍ പോകാന്‍ ചെലവ് പത്തുലക്ഷം രൂപ. അവധി ദിവസങ്ങളില്‍ ഡല്‍ഹിയില്‍ നിന്ന് മുംബൈയിലെ വസതിയിലേക്ക് പിയൂഷ് ഗോയല്‍ എപ്പോഴാണ് മടങ്ങുന്നത് എന്ന് കൃത്യമായി അറിയാത്തതിനാല്‍ ഉദ്യോഗസ്ഥര്‍ പല സമയങ്ങളിലുള്ള യാത്ര ടിക്കറ്റുകള്‍ ഒരുമിച്ച് ബുക്കുചെയ്യാറാണ് പതിവ്. റെയില്‍വേ സഹമന്ത്രിമാരായ രാജന്‍ ഗൊഹൈന്‍, മനോജ് സിന്‍ഹ എന്നിവരും വിമാനയാത്രകള്‍ക്കായി പൊതുപണം ധൂര്‍ത്തടിച്ചതായി റിപ്പോര്‍ട്ട് പറയുന്നു.