പിഎം ഗതിശക്തിയെ ലോകം പിന്തുടരും; വലിയ മാറ്റങ്ങളുണ്ടാകും: പിയുഷ് ഗോയൽ

പി.എം ഗതിശക്തി പദ്ധതിയെ ഭാവിയില്‍ ലോകരാജ്യങ്ങള്‍ പിന്തുടരുമെന്ന് കേന്ദ്ര മന്ത്രി പീയുഷ് ഗോയല്‍. കൊച്ചിയില്‍ എന്‍ഐസിഡിസി സംഘടിപ്പിച്ച നിക്ഷേപക സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വരുന്ന മൂന്ന് വര്‍ഷത്തിനുള്ളില്‍ കേരളത്തിലെ ഉല്‍പാദന മേഖലയില്‍ നാലായിരം കോടിയുടെ നിക്ഷേപം നടത്താന്‍ ലക്ഷ്യമിടുന്നതായി നിക്ഷേപക സമ്മേളനത്തില്‍ മലബാര്‍ ഗ്രൂപ്പ് അറിയിച്ചു.

മേക്ക് ഇന്‍ ഇന്ത്യ പദ്ധതിയുടെ പ്രചരണാര്‍ഥം കേരളത്തിലെ നിക്ഷേപകരുമായുള്ള കേന്ദ്രമന്ത്രി പീയുഷ് ഗോയലിന്റെ വിശദമായ സംവാദത്തിനാണ് കൊച്ചിയില്‍ നടന്ന നിക്ഷേപക വട്ടമേശ സമ്മേളനം വഴിയൊരുക്കിയത്. രാജ്യത്ത് വന്‍ മാറ്റങ്ങള്‍ക്ക് വഴിതുറക്കുന്ന പദ്ധതിയാണ് പിഎം ഗതിശക്തിയെന്നും വ്യവസായങ്ങള്‍ ആരംഭിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഇത് മികച്ച പിന്തുണയും സഹായവും നല്‍കുമെന്ന് കേന്ദ്രമന്ത്രി പറഞ്ഞു. നിക്ഷേപങ്ങള്‍ക്കായി വിദേശരാജ്യങ്ങള്‍ ലക്ഷ്യമിടരുത്. വിവിധ മേഖലകളില്‍ കേരളം കൈവരിച്ച നേട്ടങ്ങള്‍ വ്യവസായ രംഗത്ത് കൂടി പ്രയോജനപ്പെടുത്താനുള്ള ശ്രമങ്ങളുണ്ടാകണമെന്നും കേന്ദ്രമന്ത്രി പീയുഷ് ഗോയല്‍ ആവശ്യപ്പെട്ടു. പതിനായിരത്തോളം തൊഴില്‍ അവസരങ്ങള്‍ ലക്ഷ്യമിട്ട് മൂന്ന് വര്‍ഷത്തിനുള്ളില്‍ നാലായിരം കോടിയുടെ നിക്ഷേപമാണ് കേരളത്തില്‍ ലക്ഷ്യമിടുന്നതെന്ന് മലബാര്‍ ഗ്രൂപ്പ് നിക്ഷേപക സമ്മേളനത്തില്‍ അറിയിച്ചു. മലബാര്‍ ഗ്രൂപ്പ് ചെയര്‍മാന്‍ എം.പി. അഹമ്മദിന്റെ സാന്നിധ്യത്തില്‍ ഇന്ത്യ ഒാപ്പറേഷന്‍സ് എം.ഡി ഒ. അഷറാണ് പദ്ധതിയെക്കുറിച്ച് വിശദീകരിച്ചത്.

ഈ വര്‍ഷം ഒരു ലക്ഷം സംരംഭങ്ങള്‍ സ്ഥാപിക്കുകയാണ് ലക്ഷ്യമെന്ന് സംസ്ഥാന വ്യവസായ മന്ത്രി പി. രാജീവ് നിക്ഷേപക സമ്മേളനത്തില്‍ പറഞ്ഞു. ബംഗലൂരു കൊച്ചി വ്യവസായ ഇടനാഴി തിരുവനന്തപുരത്തേക്ക് നീട്ടണമെന്ന ആവശ്യവും കേന്ദ്രമന്ത്രിക്ക് മുന്നില്‍ വച്ചു. കേന്ദ്ര വാണിജ്യ മന്ത്രാലയത്തിന് കീഴിലുള്ള ഡിപ്പാര്‍ട്ട്മെന്റ് ഫോര്‍ പ്രമോഷന്‍ ഒാഫ് ഇന്‍ഡസ്ട്രി ആന്‍ഡ് ഇന്റേണല്‍ ട്രേഡും ദേശീയ വ്യവസായ ഇടനാഴി വികസന കോര്‍പ്പറേഷനും ചേര്‍ന്നാണ് ഭാവിയിലേക്കായി നിക്ഷേപിക്കാം എന്ന പേരില്‍ നിക്ഷേപക സംഗമം സംഘടിപ്പിച്ചത്.