പൂക്കൾ കൊണ്ട് സബർമതി ആശ്രമം; രാഷ്ട്രപിതാവിന് ആദരമർപ്പിച്ച് ബെംഗളുരു

രാഷ്ട്രപിതാവിന്റെ 150ാം ജന്മവാര്‍ഷികത്തില്‍ 5 ലക്ഷത്തോളം പൂക്കള്‍കൊണ്ട് അര്‍ച്ചന ഒരുക്കി ഐ ടി നഗരം. ബെംഗളൂരുവിലെ ലാല്‍ബാഗിലാണ് പുഷ്പമേള ഒരുക്കിയിരിക്കുന്നത്. 3 ലക്ഷം പൂക്കള്‍ക്കൊണ്ടോരുക്കിയ സബര്‍മതി ആശ്രമം, ദണ്ഡിയാത്രതുടങ്ങിയവയാണ് പ്രധാന ആകര്‍ഷണം.

അഹിംസയുടെ ആള്‍രൂപം, കുട്ടികളുടെ ബാപ്പുജി, ഒരു ജനതയെ സ്വാതന്ത്ര്യത്തിലേക്കു നയിച്ച മഹാത്‌മ, ഒരുപാടു വിശേഷണളുള്ള

രാഷ്ട്രപിതാവിന്‍റെ ജീവിതമാണ് ഇത്തവണത്തെ ലാല്‍ബാഗ് റിപ്പബ്ളിക് ദിന പുഷ്പമേളയുടെ പ്രമേയം. 3 ലക്ഷത്തിലേറെ പനിനീര്‍പ്പൂക്കള്‍ കൊണ്ട് തയാറാക്കിയ സമബര്‍മതി ആശ്രമമാണ് പ്രധാന ആകര്‍ഷണം. 

ഗാന്ധിജിയുടെ വിവിധ ഭാവത്തിലുള്ള പ്രതിമകളും, വൈവിധ്യമാര്‍ന്ന പൂക്കളും  പുഷ്പമേളയ്ക്കു നിറച്ചാര്‍ത്തേകുന്നു. സമുദ്രനിരപ്പില്‍ നിന്നു 10000 അടി ഉയരത്തില്‍ വളരുന്ന സിമ്പിഡിയം ഓര്‍ക്കി‍ാണ് ഇവയില്‍ പ്രധാനം. കാര്‍ഷികോപകരണങ്ങള്‍ , വിത്തുകള്‍ , ചെടികള്‍ എന്നിങ്ങനെ അമ്പതിലേറെ സ്റ്റാളുകളും മേളയിലെത്തുന്നവരെ ആകര്‍ഷിക്കുന്നു.  പ്രതിമകള്‍ക്കൊപ്പം സ്വാതന്ത്ര്യ സമരവുമായി ബന്ധപ്പെട്ട സൃഷ്ടികളും ചുറ്റുമുണ്ട്.

പുഷ്പങ്ങളോടൊപ്പം ഗാന്ധിജിയുടെ പ്രഛന്ന വേഷവുമായെത്തിയ ബെംഗളൂരു സ്വദേശി സോമശേഖറും മേളയിലെ ശ്രദ്ധാകേന്ദ്രമാണ്. ഗാന്ധിജിയോട് തോന്നിയ ആരാധനയാണ് തന്നെ ഇവിടെയെത്തിച്ചതെന്ന് സോമശേഖര്‍.

വിവേകികളായ മൂന്നു കുരങ്ങന്‍മാരുടെ വയ്ക്കോലില്‍ തീര്‍ത്ത വലിയ മാതൃകയും വലിയ ചര്‍ക്കയും ഗ്ലാസ് ഹൗസിനു പുറത്തുണ്ട്. സന്ദര്‍ശകര്‍ക്കായി ഗാന്ധിജിയുടെ അപൂര്‍വചിത്രങ്ങള്‍ ഉള്‍പ്പെടുത്തി കര്‍ണാടക സര്‍ക്കാര്‍, പ്രത്യേക ഗാലറിയും തുറന്നിട്ടുണ്ട്.