ഹാക്കറുടെ വെളിപ്പെടുത്തലിന് പിന്നില്‍ രാഷ്ട്രീയ ഇടപെടലോ? അന്വേഷിക്കാൻ ഡൽഹി പൊലീസ്

വോട്ടിങ് യന്ത്രത്തില്‍ ക്രമക്കേട് നടന്നുവെന്ന യുഎസ് ഹാക്കറുടെ വെളിപ്പെടുത്തലിന് പിന്നില്‍ രാഷ്ട്രീയ ഇടപെടലുണ്ടോയെന്ന് ഡല്‍ഹി പൊലീസ് അന്വേഷിക്കും. തിരഞ്ഞെടുപ്പ് കമ്മിഷന്‍റെ നിര്‍ദേശപ്രകാരം പൊലീസ് കേസെടുത്തു. വെളിപ്പെടുത്തലിന് പിന്നില്‍ കോണ്‍ഗ്രസ് ഗൂഢാലോചനയുണ്ടെന്ന് ബിജെപി ആരോപിച്ചിരുന്നു. ഗോപിനാഥ് മുണ്ടെയുടെ മരണത്തെക്കുറിച്ച് സിബിെഎ നേരത്തെ അന്വേഷിച്ചതാണെന്ന് മകളും മഹാരാഷ്ട്ര മന്ത്രിയുമായ പങ്കജ മുണ്ടെ പ്രതികരിച്ചു.

2014 ലോക്സഭാ തിരഞ്ഞെടുപ്പിലും പല നിയമസഭാ തിരഞ്ഞെടുപ്പുകളിലും വോട്ടിങ് യന്ത്രത്തില്‍ അട്ടിമറി നടന്നുവെന്ന യുഎസ് ഹാക്കര്‍ സെയ്ദ് ഷൂജയുടെ വെളിപ്പെടുത്തലിനെതിരെ തിരഞ്ഞെടുപ്പ് കമ്മിഷന്‍ ഡല്‍ഹി പൊലീസനെ സമീപിച്ചിരുന്നു. അപവാദ പ്രചാരണം നടത്തുകയും തെറ്റിദ്ധാരണ പരത്തുകയും ചെയ്തുവെന്ന് ചൂണ്ടിക്കാട്ടി െഎപിസി 505 പ്രകാരം എഫ്.െഎ.ആര്‍ റജിസ്റ്റര്‍ ചെയ്ത് അന്വേഷിക്കണമെന്നായിരുന്നു കമ്മിഷന്‍റെ ആവശ്യം.

സെയ്ദ് ഷൂജയെക്കുറിച്ച് അന്വേഷണം നടത്തുന്നതിന് പുറമേ വെളിപ്പെടുത്തലുകള്‍ക്ക് പിന്നില്‍ രാഷ്ട്രീയ ഇടപെടലുകളുണ്ടോയെന്ന് ഡല്‍ഹി പൊലീസ് അന്വേഷിക്കും. സെയ്ദ് ഷൂജ വെളിപ്പെടുത്തല്‍ നടത്തിയ ലണ്ടനിലെ ഹാക്കത്തോണില്‍ കപില്‍ സിബല്‍ പങ്കെടുത്തത് ഉയര്‍ത്തിക്കാട്ടി ബിജെപി കോണ്‍ഗ്രസിനെതിരെ രംഗത്തുവന്നിരുന്നു. 

കോണ്‍ഗ്രസിന്‍റെ രാജ്യാന്തരഗൂഢാലോചനയുടെ ഭാഗമാണ് വെളിപ്പെടുത്തലെന്നാണ് ആരോപണം. അതേസമയം, ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായിരുന്ന ഗോപിനാഥ് മുണ്ടെയുടെ മരണത്തെക്കുറിച്ച് ഹാക്കര്‍ നടത്തിയ വെളിപ്പെടുത്തലില്‍ അന്വേഷണമുണ്ടാകില്ല. അന്വേഷണം വേണമെന്ന് ഗോപിനാഥ് മുണ്ടെയുടെ അനന്തിരവനും എന്‍സിപി നേതാവുമായ ധനഞ്ജയ് മുണ്ടെ ആവശ്യപ്പെട്ടിരുന്നു.

കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ്ങിനോട് താന്‍ ആവശ്യപ്പെട്ടതുപ്രകാരം സിബിെഎ അന്വേഷണം നേരത്തെ നടന്നിരുന്നുവെന്നും വിവാദങ്ങള്‍ ഇവിടെ അവസാനിക്കണമെന്നും ഗോപിനാഥ് മുണ്ടെയുടെ മകള്‍ പങ്കജ മുണ്ടെ പ്രതികരിച്ചു.