താക്കറെയുടെ സ്മാരകത്തിന് 100 കോടി; സേനയും ബിജെപിയും വീണ്ടും അടുക്കുന്നു..?

ബാൽതാക്കറെയുടെ സ്മാരകത്തിനായി മഹാരാഷ്ട്രസർക്കാര്‍ നൂറുകോടിരൂപ അനുവദിച്ചതിനുപിന്നാലെ, ശിവസേനയ്ക്കും ബിജെപിക്കുമിടയിൽ മഞ്ഞുരുകുന്നതായി സൂചന. സേനയുടെ വർഷങ്ങളായുള്ള ആവശ്യത്തിനാണ് ദേവേന്ദ്രഫഡ്നാവിസ് പച്ചക്കൊടികാട്ടിയത്. സ്മാരകത്തിന്‍റെ ഭൂമിപൂജയ്ക്കായി പ്രധാനമന്ത്രിയെ ക്ഷണിക്കാന്‍ സേന തീരുമാനിച്ചതായും റിപ്പോർട്ടുകളുണ്ട്.    

പിണങ്ങിനിൽക്കുന്ന സേനയെ ഒന്നിച്ചുകൊണ്ടുപോകാൻ ബിജെപി ആവുന്നതെല്ലാം പയറ്റുന്നതിൻറ ഭാഗമായാണ്, ബാൽതാക്കറെയ്ക്ക് മുംബൈയിലൊരു സ്മാരകം എന്ന സേനയുടെ വര്ഷങ്ങളായുള്ള ആവശ്യം അംഗീകരിച്ചത്. മുംബൈ ദാദറിൽ മേയറുടെ ബംഗ്ലാവ് സ്ഥിതിചെയ്യുന്ന കോർപറേഷൻറെ സ്ഥലത്താണ് സ്മാരകംപണിയുക. ലോക്സഭാ തിര‍ഞ്ഞെടുപ്പിനുമുൻപ് സ്മാരകത്തിൻറെ നിർമാണംആരംഭിക്കാനാണ് നീക്കം. പിന്നാലെ, ഭൂമിപൂജയ്ക്കായി പ്രധാനമന്ത്രി നരേന്ദ്രമോദിയെ എത്തിക്കാന്‍ ശിവസേനതന്നെ ശ്രമം ആരംഭിച്ചതായാണ് സൂചന.

ഇത്, ബിജെപിക്കും ശിവസേനയ്ക്കുമിടയിൽ മഞ്ഞുരുകുന്നതിൻറെ സൂചനയായി രാഷ്ട്രീയവൃത്തങ്ങൾ വിലയിരുത്തുന്നു. ഒപ്പം, ലോക്സഭാതിരഞ്ഞെടുപ്പ് അടുത്തിരിക്കെയുള്ള നീക്കങ്ങൾ രാഷ്ട്രീയമായി ഗുണംചെയ്യുമെന്ന പ്രതീക്ഷ ബിജെപിക്കുമുണ്ട്. ഇനിയുള്ള തിരഞ്ഞെടുപ്പുകളിൽ ബിജെപിക്കൊപ്പംമൽസരിക്കില്ലെന്ന് ശിവസേന നേരത്തെപ്രഖ്യാപിച്ചിരുന്നു. ഇത് സേനയുടെ സ്ഥാപകനേതാവിൻറെ സ്മാരകത്തിലൂടെ പഴങ്കഥയാകുമോയെന്നാണ് രാഷ്ട്രീയവൃത്തങ്ങൾ ഉറ്റുനോക്കുന്നത്.