എങ്ങനെയും ബിജെപിയെ ജയിപ്പിക്കണമെന്ന് കലക്ടറുടെ വാട്സാപ്പ് ചാറ്റ്: വിവാദം

എങ്ങനെയും ബിജെപിയെ ജയിപ്പിക്കണമെന്ന് ഡെപ്യൂട്ടി കലക്ടർക്ക് കലക്ടറുടെ വാട്സാപ്പ് ചാറ്റ്. ചാറ്റിന്റെ സ്ക്രീന്‍ ഷോട്ട് പുറത്തായതോടെ വിവാദം കത്തി. മധ്യപ്രദേശിലെ ഷദോർ ജില്ലയിലെ കലക്ടര്‍ അനുഭ ശ്രീവാസ്തവ ഡെപ്യൂട്ടി കളക്ടര്‍ പൂജ തിവാരിക്ക് അയച്ച വാട്‌സ്ആപ്പ് സന്ദേശമാണ് വൈറലായിരിക്കുന്നത്. 

തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിനിടെ ജയ്ത്പുര്‍ നിയമസഭാ മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ഉമ ധുര്‍വേ മുന്നേറിക്കൊണ്ടിരിക്കുമ്പോഴാണ് ഇവര്‍ തമ്മില്‍ ആശയവിനിമയം നടന്നത്. ബിജെപി സ്ഥാനാര്‍ഥിയുടെ വിജയം ഉറപ്പാക്കണമെന്ന് അസിസ്റ്റന്‍ഡ് റിട്ടേണിങ് ഓഫീസര്‍ കൂടിയായ ഡെപ്യൂട്ടി കലക്ടറോട് നിര്‍ദേശിക്കുന്ന വാട്‌സ്ആപ്പ് സന്ദേശമാണ് പുറത്തുവന്നിരിക്കുന്നത്. 

കലക്ടറുടെ നിര്‍ദേശം അനുസരിച്ച് പ്രവര്‍ത്തിച്ചാല്‍ ഭാവിയില്‍ തനിക്കെന്തെങ്കിലും പ്രശ്‌നമുണ്ടാകുമോ എന്ന് ഡെപ്യൂട്ടി കലക്ടര്‍ തിരിച്ച് ചോദിക്കുന്നുണ്ട്. അതിനെക്കുറിച്ച് പേടിക്കേണ്ടെന്ന് കലക്ടര്‍ മറുപടി നല്‍കുന്നു. ബിജെപി വിജയിച്ചാല്‍ പൂജ തിവാരിയെ സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റ് ആക്കി നിയമിക്കാമെന്നും കലക്ടര്‍ വാഗ്ദാനം ചെയ്യുന്നുണ്ട്.

എന്നാൽ ഈ സന്ദേശം കെട്ടിച്ചമച്ചതാണെന്നും വസ്തുതാവിരുദ്ധമാണെന്നും കലക്ടറും ഡെപ്യൂട്ടി കലക്ടറും പ്രതികരിച്ചു. ഇത്തരം വാർത്ത പ്രചരിപ്പിച്ചവർക്കെതിരെ നിയമനടപടിയെടുക്കുമെന്നും ഇവർ പറഞ്ഞു.