ചാര്‍മിനാറിന്റെ വിശേഷങ്ങൾ

ഹൈദരാബാദില്‍ തല ഉയര്‍ത്തി നില്‍ക്കുന്ന ചാര്‍മിനാർ‍, സന്ദര്‍ശകരുടെ ഇഷ്ട കേന്ദ്രങ്ങളിലൊന്നാണ്. രാജഭരണത്തിന്‍റെ അടയാളമായ ചാര്‍മിനാറിന് ചുറ്റും ആയിരങ്ങള്‍ തെരുവുകച്ചവടത്തിലൂടെ  ഉപജീവന മാര്‍ഗം കണ്ടെത്തുന്നുമുണ്ട്.

1591 ലാണ് കുതുബ് ഷാ രാജവംശത്തിലെ സുല്‍ത്താന്‍ മുഹമ്മദ് ഖുലി കുതുബ് ഷാ ചാര്‍മിനാര്‍ നിര്‍മിക്കുന്നത്. നഗരത്തില്‍ വ്യാപിച്ചിരുന്ന പ്ലേഗ് നിര്‍മാര്‍ജനം ചെയ്തതിന്‍റെ ഓര്‍മ്മയ്ക്കായാണ് ഇത് പണിതുയര്‍ത്തിയതെന്നാണ് ചരിത്രം. നൂറ്റിയെഴുപത് അടി ഉയരത്തില്‍ തലയെടുപ്പോടെ നില്‍ക്കുന്ന നാലു മിനാരങ്ങളാണ് നമ്മെ വരവേല്‍ക്കുംക. തിരക്കൊഴിഞ്ഞ നേരമുണ്ടാകില്ല. നാലു ഭാഗത്തുനിന്നും ജനം ചാര്‍മിനാറിലേക്ക് ഒഴുകികൊണ്ടേയിരിക്കും.. 

കുപ്പിവളകളുടെയും മുത്തുമാലകളുടെയും അത്യപൂര്‍വ ശേഖരങ്ങള്‍ ഇവിടെയുണ്ട്. വസ്ത്രങ്ങളും, ചെരുപ്പുകളും, അലങ്കാര വസ്തുക്കളും, പഴവര്‍ഗങ്ങളും എല്ലാം നിരനിരയായി വില്‍പനയ്ക്ക് വച്ചിരിക്കുന്നു. നാല് മിനാരങ്ങളും മക്ക മസ്ജിദും കച്ചവടത്തിരക്കും പ്രാവുകളും എല്ലാം സന്ദര്‍ശകര്‍ക്ക് വിസ്മയമൊരുക്കും.