യോഗിയുടെ മുസ്‌‌ലിം വിരുദ്ധ പ്രസ്താവനയില്‍ രോഷം; നേതാക്കള്‍ ബിജെപി വിട്ടു

ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നടത്തിയ മുസ്‌‌ലിം വിരുദ്ധ പ്രസ്താവന പാര്‍ട്ടിക്ക് തലവേദനയാകുന്നു. നിലപാടില്‍ പ്രതിഷേധിച്ച് മുതിർന്ന ബിജെപി നേതാക്കൾ പാർട്ടിയിൽ നിന്ന് രാജിവെച്ചു. പാർട്ടിയുടെ റാവു നഗർ ഉപാധ്യക്ഷന്‍ സോനു അൻസാരി, മഹാറാണ പ്രതാപ് മണ്ഡൽ ഉപാധ്യക്ഷന്‍ ഡാനിഷ് അന്‍സാരി, മണ്ഡല്‍ ഉപാധ്യക്ഷന്‍ അമന്‍  മേമന്‍, ഇന്‍ഡോറിലെ ബിജെപി ന്യൂനപക്ഷ സെല്‍ അംഗങ്ങളായ അനിസ് ഖാന്‍, റിയാസ് അന്‍സാരി തുടങ്ങിയ നിരയാണ് രാജിവച്ചത്. വ്യത്യസ്ത മതവിഭാഗങ്ങളെ വേർതിരിച്ച് കാണുന്ന യോഗിയുടെ പ്രസ്താവനയിൽ മനംമടുത്താണ് തീരുമാനമെന്ന് നേതാക്കൾ വ്യക്തമാക്കി. 

മധ്യപ്രദേശിലെ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ ‘അവര്‍ (കോണ്‍ഗ്രസ്) അലിയെ മുറുകെ പിടിക്കട്ടെ, നമുക്ക് ബജ്‌റംഗ്ബലിയെ ഒപ്പം നിര്‍ത്താം..’ എന്ന പരാമര്‍ശമാണ് വിവാദമായത്. ഇതാണ് ഒരു വിഭാഗത്തിന്‍റെ രോഷത്തിന് ഇടയാക്കിയത്. 

കഴിഞ്ഞ നാല് വര്‍ഷമായി ഞങ്ങള്‍ പാര്‍ട്ടിക്ക് വേണ്ടി പ്രവർത്തിക്കുകയാണ്. യോഗിയുടെ പ്രസ്താവനകൾ കാരണം ഞങ്ങളുടെ മതത്തില്‍ നിന്നുപോലും മാറ്റി നിർത്തപ്പെടുന്ന സാഹചര്യമാണ് ഉള്ളത്. മുസ്‌‌ലിം വിരുദ്ധത കാരണം സ്വന്തം മതക്കാരോട് വോട്ട് ചോദിക്കാന്‍ തന്നെ മടിയാണ്– നേതാക്കള്‍ വിശദീകരിച്ചു. അമിത് ഷായ്ക്കും സംസ്ഥാന അധ്യക്ഷന്‍ രാകേഷ് സിങിനും കത്തയക്കും.  

എന്നാല്‍ രാജിവാര്‍ത്തകള്‍ പാര്‍ട്ടി വൃത്തങ്ങള്‍ നല്‍കി.