വിവാഹപ്പരസ്യം കണ്ട് അടുത്തു കൂടി; ഡോക്ടറെ പീഡിപ്പിച്ചു: തട്ടിയത് 26 ലക്ഷം

നാലുമാസം മുൻപാണ് ബെംഗളുരൂവിലെ വനിതാ ഡോക്ടർ പ്രാദേശിക പത്രത്തിൽ വിവാഹപരസ്യം നൽകിയത്. തുടർന്ന് ആരോഗ്യ വകുപ്പിലെ ഉദ്യോഗസ്ഥൻ രാമമൂർത്തിയെന്ന് പരിചയപ്പെടുത്തി ഒരാൾ ഫോണിൽ ബന്ധപ്പെട്ടു. സമൂഹമാധ്യമങ്ങളിലും ഇരുവരും നല്ല സുഹൃത്തുക്കളായി മാറുകയും െചയ്തു. സെപ്തംബറിൽ നഗരത്തിലെ മുന്തിയ ഹോട്ടലിൽ വച്ച് പരസ്പരം കാണുകയും ചെയ്തു. ആരോഗ്യവകുപ്പിലെ നിയമനങ്ങളുട ചുമതല തനിക്കാണെന്നും ബന്ധുക്കൾക്ക് നിയമനം ആവശ്യമുണ്ടെങ്കിൽ ശരിയാക്കാമെന്നും അയാൾ പറഞ്ഞു. 

40 കാരിയായ ഡോക്ടറെ വിവാഹം ചെയ്യാൻ താത്പര്യമുണ്ടെന്ന് ഇയാൾ അറിയിക്കുകയും ചെയ്തത്. താൻ തട്ടിപ്പിനിരയാകുകയായിരുന്നുവെന്ന് പാവം ഡോക്ടർ അറിഞ്ഞതുമില്ല. ജോലി ശരിയാക്കുന്നതിന് പലർക്കും പണം കൊടുക്കണമെന്നും ആവശ്യക്കാരിൽ നിന്നും പണം പിരിക്കണമെന്നും ഡോക്ടറോട് ഇയാൾ ആവശ്യപ്പെട്ടു. ഇതനുസരിച്ച് ഡോക്ടർ സുഹൃത്തുക്കളിൽ നിന്നായി 26 ലക്ഷം രൂപയോളം പിരിച്ചു നൽകി. പല സ്ഥലങ്ങളിെലത്തിച്ച് ഡോക്ടറെ ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്തു. 

നംവബർ 20 നാണ് ഡോക്‌ടർ ഇയാളെ അവസാനമായി കണ്ടത്. നവംബർ 22 ന് ശേഷാദ്രിപുരത്തെ രജിസ്ട്രാർ ഓഫിസിൽ വച്ച് വിവാഹം കഴിക്കാമെന്ന് ഇയാൾ ഡോക്ടറോട് വാഗ്ദാനം ചെയ്തു. നംവബർ 20 ന് രാത്രി മുതൽ ഇയാളു‌ടെ ഫോൺ സ്വിച്ച് ഓഫാകുകയും ചെയ്തു. തുടർന്ന് ഡോക്ടർ നടത്തിയ അന്വേഷണത്തിലാണ് താൻ പറ്റിക്കപ്പെടുകയാണെന്ന് ഡോക്ടർ തിരിച്ചറിഞ്ഞത്. ആരോഗ്യവകുപ്പിൽ ഇങ്ങനെയൊരാൾ ജോലി ചെയ്യുന്നില്ലെന്ന് ഡോക്ടർക്ക് വൈകാതെ മനസിലായി. 

ഇയാളുടെ യഥാർത്ഥ പേര് രാമമൂർത്തിയെന്നല്ലെന്നും വ്യാജ രേഖ ഉപയോഗിച്ചാണ് ഇയാൾ സിം കാർഡുകൾ എടുത്തതെന്നും ഫോൺ നമ്പറുകൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ കണ്ടെത്തുകയും ചെയ്തു. 22 ലക്ഷം രൂപ കുടുംബാംഗങ്ങളിൽ നിന്നും സുഹൃത്തുക്കളിൽ നിന്നും പിരിച്ചെടുത്തതാണെന്നും നാല് ലക്ഷം തന്റെ കയ്യിൽ നിന്ന് എടുത്തു നൽകിയതാണെന്നും ഡോക്ടർ അറിയിച്ചു. പൊലീസ് അന്വേഷണം തുടങ്ങി.