മൃതദേഹത്തിൽ പൂച്ച കടിച്ചു; കടിച്ചില്ല, നക്കിയതെന്ന് ആശുപത്രി അധികൃതർ

മൃതദേഹത്തിന്റെ കാലിൽ പൂച്ച കടിച്ചു, എന്നാൽ കടിച്ചില്ല നക്കുകയാണ് ചെയ്തതെന്ന് ആശുപത്രി അധികൃതർ. തമിഴ്നാട് സർക്കാർ ആശുപത്രിയിലാണ് സംഭവം. ഇതിന്റെ വിഡിയോ വൈറലാണ്. ഇതേതുടർന്ന് പ്രതിഷേധമുണ്ടായപ്പോഴാണ് അധികൃതർ വിചിത്രന്യായം പറഞ്ഞത്. 

ഇക്കഴിഞ്ഞ 16നാണ് മേട്ടുപ്പാളയം ബസ് സ്റ്റാന്‍ഡില്‍ അവശ നിലയില്‍ കിടക്കുകയായിരുന്ന സ്ത്രീയെ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മാനസികദൗർബല്യമുള്ള അനാഥയായ സ്ത്രീയെ നാട്ടുകാർ എത്തിക്കുകയായിരുന്നു. പക്ഷെ ജീവൻരക്ഷിക്കാനായില്ല അര്‍ധനഗ്നമായി നിലത്തു കിടന്നിരുന്ന മൃതദേഹത്തിന്റെ കാല്‍വെള്ളയില്‍ പൂച്ച കടിക്കുന്നത് ആശുപത്രി അറ്റന്‍ഡറാണ് കണ്ടത്. പിന്നീട് മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റുകയായിരുന്നു.

ആശുപത്രിയിൽ മൊബൈൽ അനുവദിനീയമല്ലാത്ത സാഹചര്യത്തിൽ ഇത്തരമൊരു വിഡിയോ പകർത്തിയത് ആരാണെന്ന് അറിയില്ലെന്നും സംഭവം വാസ്തവമല്ലെന്നും ഡോക്ടര്‍ ബി അശോകന്‍ പറഞ്ഞു. ആശുപത്രി പരിസരത്ത് തെരുവുനായകളുടെയും പൂച്ചകളുടേയും ശല്യം വര്‍ധിച്ചിട്ടുണ്ട്.  ആശുപത്രിക്കകത്ത് ഇവ പ്രവേശിക്കുന്നതിനെ തുടര്‍ന്ന് കോര്‍പറേഷന്‍ നിയമിച്ച സ്വകാര്യഏജന്‍സിയെ ചുമതലപ്പെടുത്തിയതായും ആശുപത്രിയുടെ ചുറ്റുമതിലിന്റെ ഉയരം വര്‍ധിപ്പിച്ചതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.