പരുക്കേൽപിച്ച് ഓടും; 45 സ്റ്റിച്ചുമായി യുവാവ്; അ‍ഞ്ജാതജീവിയുടെ ആക്രമണമേറ്റ് ഗ്രാമം

ഗ്രാമത്തിൽ കണ്ടെത്തിയ ജീവിയുടെ കാൽപാടുകൾ

പേരറിയാത്ത അ‍ഞ്ജാതജീവിയുടെ ആക്രമണം ഭയന്ന് ഒരു ഗ്രാമം. ഇതിനോടകം 12 ഓളം ആളുകളെയാണ് ഈ ജീവി ആക്രമിച്ചത്. ഇത് പുള്ളിപ്പുലി ആണെന്ന് നാട്ടുകാരിൽ ചിലർ പറയുമ്പോൾ കാട്ടുചെന്നായ ആണെന്നാണ് മറ്റു ചിലർ പറയുന്നത്. എന്നാല്‍ ഏതുതരം ജീവിയാണിതെന്ന് തിരിച്ചറിയാൻ സാധിക്കുന്നില്ലെന്നു പറയുന്നവരുമുണ്ട്. മുംബൈയിലെ ഡാപൊഡി ഗ്രാമത്തിലാണ് സംഭവം. ഈ ജീവിയുടെ കാൽപാടുകളും ഗ്രാമത്തിൽ കണ്ടെത്തിയിട്ടുണ്ട്. 

അഞ്ജാതജീവിയുടെ പരുക്കേറ്റ 35-കാരനായ കൈലാസ് പവാറിന്‍റെ ദേഹത്ത് 45 സ്റ്റിച്ചുകളാണ് ഉള്ളത്. ഇയാളുടെ തലയ്ക്കും ക്ഷതമേറ്റിട്ടുണ്ട്. കരിമ്പുപാടങ്ങളിൽ ജോലി ചെയ്യുന്നവരാണ് പരിക്കേറ്റവരിലധികവും. പുലർച്ചെയാണ് സാധാരണയായി ആക്രമണമുണ്ടാകുക. ഞായറാഴ്ച മുതലാണ് സംഭവം റിപ്പോർട്ട് ചെയ്യപ്പെട്ടു തുടങ്ങിയത്. 

വനംവകുപ്പിനെ വിവരമറിയിച്ചിട്ടുണ്ടെങ്കിലും ഇതുവരെ ഏതു ജീവിയാണ് ആക്രമണം നടത്തുന്നതെന്ന് ഇവരും തിരിച്ചറിഞ്ഞിട്ടില്ല. പുള്ളിപ്പുലിയാണ് ആക്രമണം നടത്തുന്നതെങ്കിൽ ഇരയെ വലിച്ചിഴച്ചു കൊണ്ടു പോകുമെന്ന് ഉദ്യോഗസ്ഥർ പറയുന്നു. അത്തരം സംഭവങ്ങൾ പ്രദേശത്ത് ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല.