പേ ടിഎം സ്ഥാപകനെ ബ്ലാക്മെയിൽ ചെയ്തു; പ്രൈവറ്റ് സെക്രട്ടറി പിടിയിൽ

പേ ടിഎം സ്ഥാപകൻ വിജയ് ശേഖർ ശർമ്മയുടെ വ്യക്തിവിവരങ്ങൾ ചോർത്തി ബ്ലാക്ക്മെയിൽ ചെയ്യാൻ ശ്രമിച്ച കേസിൽ ശർമ്മയുടെ പേഴ്സണൽ സെക്രട്ടറി സോണിയ ധവാനെ പൊലീസ് അറസ്റ്റ് ചെയ്തു. കേസിൽ സോണിയയോടോപ്പം അഡ്മിനിസ്ട്രേറ്റീവ് വിഭാഗത്തിൽ പ്രവർത്തിച്ചിരുന്ന ദേവേന്ദർ കുമാർ, സോണിയയുടെ ഭർത്താവ് രൂപക് ജെയിൻ തുടങ്ങിയവരും അറസ്റ്റിലായി. കേസിൽ ഉൾപ്പെട്ട നാലാമനെ പൊലീസ് തിരയുന്നു. 

മുപ്പതുകാരിയായ സോണിയ 2010 മുതൽ പേ ടിഎം സ്ഥാപിച്ചതു മുതൽ ശർമ്മയോടോപ്പം ജോലി ചെയ്യുകയായിരുന്നു. സെക്രട്ടറിയായിരുന്നപ്പോൾ മുതൽ ശർമ്മയുടെ ലാപ്ടോപ്പ്, ഫോൺ,  ഡെസ്ക്ടോപ്പ് എന്നിവയിൽ നിന്ന് സോണിയ വ്യക്തിവിവരങ്ങൾ ചോർത്തുകയായിരുന്നു. 20 കോടിയോളം രൂപയാണ് സോണിയ വിജയ് ശർമ്മയോട് ആവശ്യപ്പെട്ടിരുന്നത്. 

രോഹിത് ചോപാൽ എന്ന് പരിചയപ്പെടുത്തിയ ആൾ ഫോണിൽ വിളിച്ച് സെപ്തംബർ 20 ന് തന്നെ ബ്ലാക്മെയിൽ ചെയ്യുകയായിരുന്നുവെന്നും തുടർന്ന് പൊലീസിൽ പരാതി നൽകാൻ തീരുമാനിക്കുകയായിരുന്നുവെന്നും വിജയ് ശേഖർ ശർമ്മ പറഞ്ഞു. 

യുഎസ് ആസ്ഥാനമായ ഫോബ്സ് മാഗസിന്റെ  2018 ലെ ലോകത്തെ ഏറ്റവും സമ്പന്നരുടെ ലിസ്റ്റിൽ വിജയ് ശേഖർ ശർമ്മ ഇടം പിടിച്ചിരുന്നു. ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ സമ്പന്നനായാണ് ഫോബ്സ് മാഗസിൻ ഇദ്ദേഹത്തെ തെരഞ്ഞെടുത്തത്. 1394 ആയിരുന്നു ലോകറാങ്ക്. ആസ്തി 11050 കോടി രൂപ.