ആയുഷ്മാന്‍ ഭാരതിന് തുടക്കം; പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു

കേന്ദ്രസര്‍ക്കാരിന്റെ ആരോഗ്യഇന്‍ഷുറന്‍സ് പദ്ധതിയായ ആയുഷ്മാന്‍ ഭാരതിന് തുടക്കമായി. റാഞ്ചിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പദ്ധതി ഉദ്ഘാടനം ചെയ്തു. ലോകത്തിലെ ഏറ്റവും വലിയ ആരോഗ്യഇന്‍ഷുറന്‍സ് പദ്ധതിയാണ് ആയുഷ്മാന്‍ ഭാരതെന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ അവകാശവാദം. 

ആയുഷ്മാന്‍ ഭാരത് പദ്ധതിപ്രകാരം റജിസ്റ്റര്‍ ചെയ്ത ആശുപത്രികളിലെ ചികില്‍സയ്ക്ക് രോഗികള്‍ ഒരു രൂപപോലും നല്‍കേണ്ട. പത്തുകോടി കുടുംബങ്ങളിലെ അന്‍പതുകോടിയോളം ജനങ്ങള്‍ക്ക് പദ്ധതിയുടെ ഗുണം ലഭിക്കുമെന്നാണ് അവകാശവാദം. പ്രതിവര്‍ഷം അഞ്ചുലക്ഷം രൂപയുടെ ആരോഗ്യപരിരക്ഷയാണ് പ്രഖ്യാപനം. ചൊവ്വാഴ്ച മുതല്‍ പദ്ധതി പ്രാബല്യത്തില്‍ വരും. ആയുഷ്മാന്‍ഭാരത് മറ്റുരാജ്യങ്ങള്‍ക്ക് മാതൃകയാകുമെന്ന് പ്രധാനമന്ത്രി പറഞ്ഞു.

2011ലെ സാമുദായിക സെന്‍സസ് അടിസ്ഥാനപ്പെടുത്തിയാണ് അര്‍ഹരായവരെ കണ്ടെത്തുന്നത്. ഡി വണ്‍ മുതല്‍ ഡി സെവന്‍ വരെ ഏഴ് വിഭാഗങ്ങളനുസരിച്ചാകും ആനുകൂല്യങ്ങള്‍. രാജ്യവ്യാപകമായി എണ്ണായിരത്തി എഴുനൂറ്റി മുപ്പത്തിയഞ്ച് ആശുപത്രികള്‍ ഇതിനൊടകംതന്നെ പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ആയുഷ്മാന്‍ ഭാരത് സംസ്ഥാന താല്‍പര്യങ്ങള്‍ക്കെതിരാണെന്ന് കാണിച്ച് കേരളമുള്‍പ്പടെയുള്ള അഞ്ചുസംസ്ഥാനങ്ങള്‍ ഇതുവരെ പദ്ധതിയില്‍ ഒപ്പുവച്ചിട്ടില്ല.