കാൽകഴുകി വെളളം കുടിച്ച് പ്രവർത്തകർ; ‘അഭിമാനത്തോടെ’ ബിജെപി എം.പി; വിവാദം, വിഡിയോ

ബിജെപി എംപി നിഷികാന്ത് ദുബേയുടെ കാൽകഴുകി പാർട്ടി പ്രവർത്തകർ വെളളം കുടിച്ചു. ജാർഖണ്ഡിൽ ഗൊഡ്ഡയില്‍ നിന്നാണ് ഞെട്ടിപ്പിക്കുന്ന വാര്‍ത്ത. ഈ സമയം പവൻഭായ് സിന്ദാബാദ് എന്ന് അനുയായികൾ  മുദ്രാവാക്യം മുഴക്കി. സംഭവം വൻ ചാരിതാർത്ഥ്യത്തോടെ എംപി ഫെയ്സ്ബുക്കിൽ കുറിച്ചതും വിവാദത്തിന് ആക്കം കൂട്ടി. ‘പാര്‍ട്ടിയിലെ പരിചയസമ്പന്നയായ പ്രവർത്തകൻ പവൻസിങ് ആയിരക്കണക്കിന് ജനങ്ങളെ സാക്ഷിയാക്കി ഇന്നെന്റെ കാൽ കഴുകി. പവൻ നിറവേറ്റിയത് അയാളുടെ വാഗ്ദാനമാണ്. എന്നെങ്കിലും എനിക്കും ഇതുപോലെ ഒരു അവസരം ലഭിക്കും. ഞാനും ഒരു പാർട്ടിപ്രവർത്തകന്റെ കാൽ കഴുകി വെളളം കുടിക്കും..’  ദുബേ ഫെയ്സ്ബുക്കിൽ കുറിച്ചു. 

ഞായറാഴ്ചയാണ് വിവാദസംഭവം നടന്നത്. ഗൊഡ്ഡയിലെ റാലിയിൽ പങ്കെടുക്കുകയായിരുന്നു ദുബേ. ദുബേ പ്രസംഗം പൂർത്തിയാക്കിയതോടെ ഗൊഡ്ഡയിലെ ബിജെപിയുടെ പ്രമുഖ നേതാവ് പവൻ ദുബേയുടെ കാൽക്കൽ വന്നിരുന്നു താലത്തിൽ വെളളമെടുത്ത് ബിജെപി പ്രവർത്തകർക്കൊപ്പം കാൽ കഴുകി ശേഷം ആ വെളളം കുടിക്കുകയായിരുന്നു. പവൻ ഭായ് സിന്ദാബാദ് വിളികൾ അന്തരീക്ഷത്തിൽ നിറയുകയും ചെയ്തു. 

കോൺഗ്രസും ബിഎസ്പിയും ബിജെപി നേതാക്കളുടെ ധാർഷ്ട്യം എല്ലാം സീമകളും ലംഘിച്ചുവെന്ന് വിമർശനം ഉന്നയിക്കുമ്പോഴും പരിഹാസ സ്വരമായിരുന്നു ദുബേയ്ക്ക്. മഹാഭാരത കഥകളിൽ അതിഥികളുടെ പാദപൂജ ചെയ്യുന്ന സന്ദർങ്ങളുണ്ടെന്നും അതുകൊണ്ട് ഈ സംഭവത്തിന്റെ പേരിൽ  യാതൊരു വിവാദവും വേണ്ടെന്നുമാണ് ദുബേ പറയുന്നത്. ഇതിലെന്തിനാണ് രാഷ്ട്രീയത്തിന്റെ നിറം കലർത്തുന്നതെന്നും ദുബേ ചോദിച്ചു. പവൻ അയാളുടെ ഇഷ്ടപ്രകാരമാണ് ഇത്തരത്തിൽ ചെയ്തതെന്നും ദുബേ പറഞ്ഞു.