മോഹന്‍ലാലിനും‍, മമ്മൂട്ടിക്കും മോദിയുടെ കത്ത്; ശുചീകരണ യജ്ഞത്തില്‍ പങ്കെടുക്കാൻ ആഹ്വാനം

സ്വഛ് ഭാരത് പദ്ധതിയുടെ നേട്ടങ്ങള്‍ വിവരിച്ച് രാജ്യത്തെ പ്രമുഖ വ്യക്തികള്‍ക്കും മാധ്യമസ്ഥാപനങ്ങള്‍ക്കും പ്രധാനമന്ത്രിയുടെ കത്ത്. ഗാന്ധി ജയന്തി ദിനത്തില്‍ രാജ്യവ്യാപകമായി നടക്കുന്ന വന്‍ ശുചീകരണ യജ്ഞത്തില്‍ പങ്കെടുക്കാനും കത്തിലൂടെ പ്രധാനമന്ത്രി ആഹ്വാനം ചെയ്യുന്നു. കേരളത്തില്‍ മോഹന്‍ലാല്‍, മമ്മൂട്ടി, പാര്‍വതി, ദിലീഷ് പോത്തന്‍ എന്നിവരടക്കം നൂറിലധികം പേര്‍ക്കാണ് പ്രധാനമന്ത്രി കത്തയച്ചത്

മഹാത്മാഗാന്ധിയുടെ നൂറ്റിഅന്‍പതാം ജന്മവാര്‍ഷികവും സ്വഛ് ഭാരത് പദ്ധതിയുടെ നാലാം വാര്‍ഷികവും ആഘോഷിക്കുന്ന ഒക്ടോബര്‍ രണ്ടിന് വിപുലമായ ശുചീകരണ ദൗത്യത്തിനാണ് കേന്ദ്രസര്‍ക്കാര്‍ തുടക്കമിടുന്നത്. ഇതില്‍ രാഷ്ട്രീയ ഭേദമന്യേ എല്ലാവരും പങ്കെടുക്കണമെന്നാണ് പ്രധാനമന്ത്രിയുടെ ആഹ്വാനം. വീടുകളും സ്ഥാപനങ്ങളും പരിസരം വൃത്തിയാക്കുന്നതോടൊപ്പം മറ്റുള്ളവരെകൂടി ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാവണമെന്നും കത്തില്‍ ആഹ്വാനമുണ്ട്. റിമ കല്ലിങ്കല്‍, ദുല്‍ഖര്‍സല്‍മാന്‍, നിവിന്‍പോളി,വിദ്യാബാലന്‍, സൗബിന്‍താഹിര്‍, അനുസിത്താര തുടങ്ങിയവരാണ് കത്ത് ലഭിച്ച മറ്റുചിലര്‍. 

ഗാന്ധിജിയുടെ ശുചിത്വ ഭാരത സ്വപ്നം എത്രയും പെട്ടെന്ന് കൂട്ടായ്മയിലൂടെ യാഥാര്‍ഥ്യമാക്കണമെന്നും പ്രധാനമന്ത്രി എഴുതുന്നു. രാജ്യത്തെ 90 ശതമാനം വീടുകളിലും ശുചിമുറി ലഭ്യമാക്കി. 2014ല്‍ ഇത് അന്‍പത് ശതമാനം മാത്രമായിരുന്നു. നാലരലക്ഷത്തിലധികം ഗ്രാമങ്ങളിലും 430 ജില്ലകളിലും 2800 നഗരങ്ങളിലും പൊതുഇടങ്ങളിലെ മലമൂത്ര വിസര്‍ജ്ജനം പൂര്‍ണമായും ഒഴിവാക്കാനായി. പദ്ധതിയുടെ അഞ്ചാം വാര്‍ഷികം ആഘോഷിക്കുന്ന 2019ലെ ഗാന്ധിജയന്തി ദിനത്തില്‍ എല്ലാ വീടുകളിലും ശുചിമുറിയെന്ന സ്വപ്നം യാഥാര്‍ഥ്യമാക്കുമെന്നും മോദി വ്യക്തമാക്കി.