ആ 11 പേർ ആത്മഹത്യ ഉദ്ദേശിച്ചിരുന്നില്ല; ബുരാരി കൂട്ടമരണത്തില്‍ സൈക്കോളജിക്കല്‍ റിപ്പോർട്ട്

ബുരാരിയിൽ ഒരേ കുടുംബത്തിലെ പതിനൊന്ന് പേർ തൂങ്ങിമരിച്ച സംഭവത്തിൽ നിർണായകമായ ഓട്ടോപ്സി റിപ്പോർട്ട് ക്രൈംബ്രാഞ്ചിന് ലഭിച്ചു. സിബിഐയുടെ സെൻട്രൽ ഫൊറൻസിക് സയൻസസ് ലബോറട്ടറിയിലെ (സിഎഫ്എസ്എൽ) വിദഗ്ധരുടെ സമിതിയാണു കുടുംബാംഗങ്ങളുടെ മാനസികാവസ്ഥ പരിശോധിച്ചത്. ‘അവർ ആത്മഹത്യ ചെയ്യാൻ ഉദ്ദേശിച്ചിരുന്നില്ല’ എന്നു റിപ്പോർട്ടു ലഭിച്ചശേഷം ഡൽഹി പൊലീസിലെ ഉദ്യോഗസ്ഥൻ പ്രതികരിച്ചു. 

ഡല്‍ഹി പൊലീസിന്റെ ആവശ്യപ്രകാരമായിരുന്നു കൊല്ലപ്പെട്ടവരുടെ മാനസികനില പരിശോധിച്ചത്. വിദഗ്ധ സംഘം അയല്‍വാസികളുടേയും ബന്ധുക്കളുടേയും മൊഴിയെടുത്തിരുന്നു. മരിച്ച ഓരോരുത്തരെക്കുറിച്ചും വ്യക്തമായ പഠനവും നടത്തിയിരുന്നു.ക്രൈംബ്രാഞ്ച് ഡിസിപി ജോയ് ടിർക്കിയാണ് റിപ്പോർട്ട് സംബന്ധിച്ചുളള ഔദ്യോഗിക വിശദീകരണം നൽകിയത്.  

മൃതദേഹങ്ങൾ കണ്ടെടുത്ത വീട്ടിൽ നിന്നും  പത്തോളം നോട്ടുബുക്കുകൾ കണ്ടെടുത്തിരുന്നു. ഓരോ പുസ്തകത്തിലും ഓരോരുത്തരെക്കുറിച്ചും അവരുടെ പ്രവര്‍ത്തനങ്ങളും എങ്ങനെ പാപമോചനം ലഭിക്കും എന്നതിനെ കുറിച്ചുമെല്ലാം വ്യക്തമായ കുറിപ്പുകളുണ്ടായിരുന്നതായി പൊലീസ് പറഞ്ഞു. ഇവയെല്ലാം പരിശോധന വിധേയമാക്കിയിരുന്നു.

പരിശോധനയുടെ ഭാഗമായി സിഎഫ്എസ്എലിലെ മൂന്നു വിദഗ്ധർ ബന്ധുക്കളുടെയും അയൽക്കാരുടെയും മൊഴികളെടുത്തു. 11 പേരുടെയും പോസ്റ്റുമോർട്ടം റിപ്പോർട്ട് വിശദമായി പഠിച്ചു. കൂട്ടമരണം നടന്ന വീടു സന്ദർശിച്ച ശേഷമാണു റിപ്പോർട്ട് തയാറാക്കിയത്. ആന്തരികാവയവങ്ങളുടെ പരിശോധനാ റിപ്പോർട്ട്, കയ്യക്ഷര വിദഗ്ധരുടെ റിപ്പോർട്ട് എന്നിവ കൂടി ക്രൈംബ്രാഞ്ചിനു ലഭിക്കാനുണ്ടെന്നു പൊലീസ് പറഞ്ഞു.

സംശയകരമായ ആത്മഹത്യകളിലും ദുരൂഹമരണങ്ങളിലുമാണ് സൈക്കോളജിക്കൽ ഓട്ടോപ്സി നടത്താറുള്ളത്. ബുരാരിയിലെ പതിനൊന്നുപേരുടെ മരണം ആത്മഹത്യയാണെന്ന് നേരത്തെ കണ്ടെത്തിയിരുന്നെങ്കിലും പലവിധത്തിലുള്ള ദുരൂഹതകളും നിലനിൽക്കുന്നതിനെ തുടർന്നാണ് സൈക്കോളജിക്കൽ ഓട്ടോപ്സി നടപടികളിലേക്ക് കടന്നത്.

ജൂലൈ ഒന്നിനാണ് കുടുംബാംഗങ്ങളെ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്. മോക്ഷപ്രാപ്തിക്കു വേണ്ടിയുള്ള മരണമെന്നായിരുന്നു പ്രാഥമിക നിഗമനം. സംഭവം ആത്മഹത്യയെന്നു ഉറപ്പിക്കുമ്പോഴും അതിലേക്കു നയിച്ചതെന്തെന്നു വ്യക്തമല്ല. വ്യത്യസ്തമായ അന്വേഷണ രീതികൾ പരീക്ഷിക്കുന്നതിന്റെ ഭാഗമായാണു മാനസിക വിശകലന പരിശോധനയും നടത്തിയത്.

കഴിഞ്ഞ 22 വർഷമായി ഡൽഹിയിലെ ബുരാരി മേഖലയിൽ ജീവിക്കുന്നവരാണു ഭാട്ടിയ കുടുംബം. ഇവർക്ക് ഒരു പലചരക്കു കടയും പ്ലൈവുഡ് സ്റ്റോറുമുണ്ട്. കുടുംബത്തിലെ ഏറ്റവും മുതിർന്ന അംഗമായ നാരായൺ ദേവി(77)യെയാണു കഴുത്തു ഞെരിച്ചു കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തിയത്. ഇവരുടെ മകൾ പ്രതിഭ (57), ആൺമക്കളായ ഭവ്നേഷ് (50), ലളിത് ഭാട്ടിയ (45), ഭവ്നേഷിന്റെ ഭാര്യ സവിത(48), ഇവരുടെ മൂന്നു മക്കളായ മീനു(23), നിധി(25), ധ്രുവ് (15), ലളിതിന്റെ ഭാര്യ ടിന (42), മകൾ (ശിവം), പ്രതിഭയുടെ മകൾ പ്രിയങ്ക(33) എന്നിവരാണു കൊല്ലപ്പെട്ടത്.