ഇടയ്ക്കിടെ ചിരിച്ചൂടെയെന്ന് ചോദ്യം; മോദിയുടെ ട്വിറ്റര്‍ മറുപടികള്‍ ട്രെന്‍ഡിങ്

വെള്ളിയാഴ്ച നടന്ന വിശ്വാസ വോട്ടെടുപ്പിൽ വിജയിച്ച പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ട്വിറ്ററിൽ അനുയായികളുടെ അഭിനന്ദന പ്രവാഹം. ട്വിറ്ററില്‍ മോദിക്ക് വരുന്ന സന്ദേശങ്ങൾക്ക് ഓരോന്നിനും മറുപടി നൽകുന്നുമുണ്ട് അദ്ദേഹം. മോദിയോട് ചിരിക്കുന്നത് പതിവാക്കണം എന്ന് ആവശ്യപ്പെട്ട ഒരാൾക്ക് ഇനി ശ്രദ്ധിക്കാം എന്നാണ് മറുപടി നൽകിയത്.

മറ്റൊരാൾ ട്വീറ്റ് ചെയ്തത് ഇങ്ങനെയാണ്. 'ഇന്നലെ രാത്രി ഏറെ വൈകിയും താങ്കൾ തുടർച്ചയായി പാർലമെന്റിലെ ചർച്ചയിൽ പങ്കെടുക്കുകയായിരുന്നു. ഇന്ന് ടിവി വച്ച് നോക്കുമ്പോൾ ഷാജഹാൻപൂരിലെ റാലിയിൽ‌ കർഷകരെ അഭിസംബോധന ചെയ്യുന്നു. ഈ പ്രായത്തിലും വിശ്രമമില്ലാത്ത പ്രവർത്തനം ആശ്ചര്യപ്പെടുത്തുന്നത്.' '125 കോടി ജനങ്ങളുടെ അനുഗ്രഹമാണ് എന്റെ ശക്തി. എന്റെ എല്ലാ സമയവും രാജ്യത്തിന് വേണ്ടിയാണ്'. ഇതായിരുന്നു മോദിയുടെ മറുപടി.

മുത്തച്ഛനൊപ്പമായിരുന്നു മോദിയുടെ പ്രസംഗങ്ങൾ കണ്ടിരുന്നതെന്നും എന്നാൽ അദ്ദേഹം മരണപ്പെട്ടുവെന്നും ട്വീറ്റ് ചെയ്ത ഒരാളോട് മരണവാർത്ത ഏറെ വിഷമമുണ്ടാക്കുന്നുവെന്നും ദുഃഖത്തിൽ പങ്കുചേരുന്നുവെന്നുമാണ് മോദി നൽകിയ മറുപടി.

സ്വച്ഛ് ഭാരത് പദ്ധതിയെക്കുറിച്ച് തന്റെ മകൾ സ്കൂൾ നോട്ട് ബുക്കിൽ തയ്യാറാക്കിയ ഒരു ഉപന്യാസത്തിന്റെ പകർപ്പാണ് മറ്റൊരാൾ ട്വീറ്റ് ചെയ്തത്. അതിന് സ്കൂളിൽ നിന്നും അഭിനന്ദനം ലഭിച്ചെന്നും മകൾ ഏറെ സന്തോഷത്തിലാണെന്നുമാണ് ട്വീറ്റിനൊപ്പമുള്ള കുറിപ്പ്. ഇത് വായിക്കുന്നതിൽ ഏറെ സന്തോഷമുണ്ട്. മകളോട് എന്റെ അഭിനന്ദനം അറിയിക്കുക. ശുചീകരണത്തെക്കുറിച്ച് യുവതലമുറ ഇത്രത്തോളം ബോധവാന്മാരാണന്നതിൽ അൽഭുതം തോന്നുന്നുവെന്നും മോദി മറുപടി നൽകി.

ലോകസഭയിൽ 325 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വിശ്വാസവോട്ടെടുപ്പിൽ വിജയിച്ചതിന് ശേഷമായിരുന്നു മോദിയുടെ ട്വിറ്റർ മറുപടികൾ. അവിശ്വാസ പ്രമേയ ചര്‍ച്ചയ്ക്കിടെ പ്രധാനമന്ത്രിയെ രാഹുൽ ഗാന്ധി ആലിംഗനം ചെയ്തതും മോദി അതിന് നൽകിയ മറുപടിയും ഒക്കെ ചർച്ചയായിരിക്കുന്ന അവസരത്തിലാണ് മോദിയുടെ ട്വിറ്റർ മറുപടികളും ശ്രദ്ധേയമാകുന്നത്.