അൻപത് വർഷം മുൻപ് കൊല്ലപ്പെട്ട ജവാന്റെ മൃതദേഹം കണ്ടെടുത്തു

അൻപത് വർഷങ്ങൾക്കിപ്പുറം കൊല്ലപ്പെട്ട ജവാന്റെ മൃതദേഹം കണ്ടെത്തി. 1968ല്‍ വിമാനാപകടത്തില്‍ കൊല്ലപ്പെട്ട സൈനികന്റെ മൃതദേഹമാണ് ഹിമാചല്‍ പ്രദേശിലെ ലാഹൗള്‍ താഴ്‌വരയില്‍ നിന്നും അഴുകിയ നിലയില്‍  കണ്ടെത്തിയത്. 1968 ൽ ചണ്ഡിഗഡില്‍ നിന്ന് ലേയിലേക്ക് 102 പേരുമായി പോയ ഇന്ത്യന്‍ വ്യോമസേനയുടെ എഎന്‍ 12 വിമാനം അന്ന് അപകടത്തിൽപ്പെട്ട് തകർന്നുവീണിരുന്നു. എന്നാൽ അന്ന് അപകടത്തിൽ കൊല്ലപ്പെട്ട  സൈനികരിൽ ചിലരുടെ മൃതദേഹങ്ങൾ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല.

ചന്ദ്രഭംഗ13 കൊടുമുടിയില്‍ സമുദ്രനിരപ്പില്‍ നിന്ന് 6,200 മീറ്റര്‍ ഉയരത്തിലുള്ള ധാക്ക ബേസ് ക്യാമ്പിന് സമീപത്തായാണ് ഈ മാസം ആദ്യം വിമാന അവശിഷ്ടങ്ങൾ പര്‍വതാരോഹക സംഘം കണ്ടെത്തിയത്. ഇതിന് സമീപത്ത് നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. 2003ല്‍ വിമാനത്തിന്റെ ഏതാനും അവശിഷ്ടങ്ങളും ഒരു സൈനികന്റെ മൃതദേഹവും ദക്ഷിണ ധാക്ക മലനിരകളില്‍ നിന്ന് കണ്ടെത്തിയിരുന്നു. പിന്നീട് 2007ല്‍ കരസേനയുടെ പ്രത്യേകസംഘം മൂന്ന് മൃതദേഹങ്ങള്‍ കൂടി കണ്ടെടുത്തു.

സോവിയറ്റ് യൂണിയന്‍ നിര്‍മിതമായ എ.എന്‍12 വിമാനം 98 സൈനികരും നാല് ജീവനക്കാരുമായി യാത്രയ്ക്കിടെ കാണാതായത്. ലേയില്‍ എത്താനിരിക്കെ പ്രതികൂല കാലാവസ്ഥ കാരണം തിരിച്ചുവരാന്‍ പൈലറ്റ് തീരുമാനിച്ച ശേഷമായിരുന്നു വിമാനം റഡാറില്‍ നിന്ന് അപ്രത്യക്ഷമായത്.