പെട്രോളിയം ഉത്പന്നങ്ങളെ ജിഎസ്ടിയുടെ പരിധിയില്‍പ്പെടുത്തണം; നികുതി പരിഷ്കരണത്തിലെ മാറ്റം

നികുതി പരിഷ്ക്കരണത്തിന്‍റെ ഒന്നാം വാര്‍ഷികത്തില്‍ നിര്‍ണായക മാറ്റങ്ങള്‍ക്ക് വഴിയൊരുങ്ങുന്നു. പെട്രോളിയം ഉല്‍പ്പന്നങ്ങളെ ജിഎസ്ടിയുടെ പരിധിയില്‍ ഉള്‍പ്പെടുത്തണമെന്നതടക്കം സുപ്രധാന നിര്‍ദേശങ്ങളാണ് ജിഎസ്ടി നിയമ പുന:പരിശോധനാ സമിതി ജിഎസ്ടി കൗണ്‍സിലിന് സമര്‍പ്പിച്ചത്. നിര്‍മ്മാണ വസ്തുക്കളുടെ നികുതി നിരക്ക് കുറയ്ക്കുന്നതും, പരിഗണനയിലുണ്ട്.

ഒരു രാജ്യം ഒരു നികുതി എന്ന ലക്ഷ്യവുമായി ചരക്ക് സേവന നികുതി നടപ്പാക്കി ഒരു വര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ പ്രതീക്ഷിച്ച മുന്നേറ്റമുണ്ടാക്കാനായില്ലെന്നതാണ് യാഥാര്‍‌ഥ്യം. നികുതി നടത്തിപ്പിലെ സങ്കീര്‍ണതകളാണ് പ്രധാനം. നികുതി സ്ലാബുകളുടെ എണ്ണക്കൂടുതലാണ് മറ്റൊന്ന്. കണക്കുകൂട്ടിയ നികുതി വരുമാനം നേടാന്‍ കഴിഞ്ഞതുമില്ല. ഈ സാഹചര്യത്തിലാണ് ജിഎസ്ടി ഫലപ്രദമാക്കുന്നതിനുള്ള പരിഷ്ക്കരണ നിര്‍ദേശങ്ങള്‍ ജിഎസ്ടി നിയമ പരിഷ്ക്കരണ സമിതി ജിഎസ്ടി കൗണ്‍സിലിന് സമര്‍പ്പിച്ചത്. പെട്രോളിയം ഉല്‍പ്പന്നങ്ങളെ ജിഎസ്ടിയില്‍ കൊണ്ടുവരികയെന്ന ആവശ്യം കേന്ദ്രസര്‍ക്കാര്‍ ആവര്‍ത്തിക്കുന്നതാണെങ്കിലും പല സംസ്ഥാനങ്ങള്‍ക്കും അനുകൂല നിലപാടല്ല ഉള്ളത്. നികുതി റിട്ടേണ്‍ സമര്‍പ്പിക്കുന്നതിലെ നടപടികള്‍ ലഘൂകരിക്കുക 12 ശതമാനത്തിന്‍റെയും 18 ശതമാനത്തിന്‍റെയും നികുതി സ്ലാബുകള്‍ ലയിപ്പിക്കുക എന്നിവയാണ് പരിഷ്ക്കരണ നിര്‍ദേശങ്ങളില്‍ ചിലത്. രാജ്യമാകെ ഒറ്റ  രജിസ്ട്രേഷന്‍ നടപ്പാക്കണമെന്നും ജിഎസ്ടി നിയമ പുനപരിശോധനാ സമിതി ആവശ്യപ്പെടുന്നു. ജൂലൈ 18 ന് ആരംഭിക്കുന്ന പാര്‍ലമെന്‍റ് വര്‍ഷകാലസമ്മേളനത്തില്‍ ജിഎസ്ടി പരിഷ്ക്കാരങ്ങള്‍ ചര്‍ച്ചയാകും. അതിനിടെ, നിര്‍മ്മാണ സാമഗ്രികളുടെ ജിഎസ്ടി നിരക്ക് 28 ശതമാനത്തില്‍ നിന്ന് 18 ശതമാനമാക്കുന്ന കാര്യം പരിഗണനയിലുണ്ട്. ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും സാമ്പദ് വ്യവസ്ഥയെ ഉത്തേജിപ്പിക്കാന്‍ ലക്ഷ്യമിട്ടുമാണ് നീക്കം. ജൂലൈ 19 ന് ചേരുന്ന ജിഎസ്ടി കൗണ്‍സില്‍ യോഗം നിര്‍ണായകമാകും.