നടന്നും ഓടിയും ഇരുന്നും മോദി; പ്രഭാത വ്യായാമ വിഡിയോ കത്തിപ്പടരുന്നു

പറഞ്ഞ വാക്കുപാലിച്ച് പ്രഭാത വ്യായാമത്തിന്‍റെ വിഡിയോയുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ത്യന്‍ ക്രിക്കറ്റ് നായകന്‍ വിരാട് കോഹ്‌ലി മുന്നോട്ട് വച്ച ഫിറ്റ്നസ് ചലഞ്ച് എറ്റെടുത്തു യോഗ ചെയ്യുന്ന വിഡിയോ അദ്ദേഹം ട്വിറ്ററില്‍ പോസ്റ്റ് ചെയ്തു. ഒപ്പം ഫിറ്റ്നസ് ചലഞ്ചില്‍ കര്‍ണാടക മുഖ്യമന്ത്രി എച്ച്.ഡി.കുമാരസ്വാമിയെ വെല്ലുവിളിക്കുകയും ചെയ്തു. 

ആകാശത്തേക്ക് കൈകള്‍ ഉയര്‍ത്തിയും നടന്നും കിടന്നും പ്രാര്‍ഥിച്ചും മോദിയുടെ പ്രഭാത വ്യായാമങ്ങള്‍. പഞ്ചഭൂതങ്ങളായ ഭൂമി, ആകാശം, ജലം, വായു, അഗ്നി എന്നിവയെ പ്രചോദിപ്പിക്കുന്ന ശ്വസന വ്യായാമങ്ങളോടെ അവസാനിക്കുന്ന ദിനചര്യയാണ് മോദി ട്വിറ്ററില്‍ പോസ്റ്റുചെയ്തത്. ഒപ്പം സൗകര്യപ്രദമായ രീതിയില്‍ എല്ലാവരും വ്യായാമം ചെയ്യണമെന്ന ആഹ്വാനവും. കര്‍ണാടക മുഖ്യമന്ത്രി എച്ച്.ഡി.കുമാരസ്വാമി, കോമണ്‍വെല്‍ത്ത് സ്വര്‍ണമെഡ‍ല്‍ ജേതാവ് മണിക ബത്ര, നാല്‍പ്പത് വയസ് കഴിഞ്ഞ ഐ.പി.എസ് ഉദ്യോഗസ്ഥര്‍ എന്നിവരെയാണ് പ്രധാനമന്ത്രി തന്‍റെ ഒൗദ്യോഗിക ട്വിറ്റര്‍ പേജിലൂടെ വെല്ലുവിളിച്ചത്. തന്‍റെ ആരോഗ്യത്തില്‍ ശ്രദ്ധിച്ച പ്രധാനമന്ത്രിക്ക് നന്ദി അറിയിച്ച കുമാരസ്വാമി സംസ്ഥാനത്തിന്‍റെ വികസനത്തിന്‍റെ ഫിറ്റനസ് ആണ് മുഖ്യമെന്ന് ട്വിറ്ററിലൂടെ തിരിച്ചടിച്ചു. ജയനഗര്‍ നിയമസഭാമണ്ഡലത്തിലെ വോട്ടെണ്ണലിന്‍റെ അന്ന് തന്നെ കുമാരസ്വാമിയെ വെല്ലുവിളിച്ച മോദിയുടെ നടപടി കൗതുകമുണര്‍ത്തി.

കേന്ദ്രമന്ത്രി രാജ്യവര്‍ധന്‍ സിഹ് റാത്തോഡ് തുടങ്ങി വച്ച ഫിറ്റ്നസ് ചലഞ്ച് രാജ്യമെമ്പാടും ചര്‍ച്ചയായിരുന്നു. കോഹ്‌ലിയുടെ  െവല്ലുവിളി സ്വീകരിച്ച് രണ്ടാഴ്ച പിന്നിടുമ്പോഴാണ് മോദി വിഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. അദ്ദേഹം ട്വിറ്ററില്‍ പങ്കുവച്ച വിഡിയോ നിമിഷനേരം കൊണ്ട് സമൂഹമാധ്യമങ്ങളില്‍ വൈറലായി.